പത്മിനി തോമസ്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റിയുടെ കായികപരിശീലന ക്യാമ്പില്‍ വച്ചാണ് പത്രോസ് പി. മത്തായി സാറിനെ കാണുന്നത്. അന്ന് അദ്ദേഹം യൂണിവേഴ്സിറ്റിയുടെ കായിക വകുപ്പ് മേധാവിയായിരുന്നു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. വളരെ കര്‍ക്കശക്കാരനായിരുന്നെങ്കിലും ഓരോരുത്തരുടെയും സുഖസൗകര്യങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
കൃത്യനിഷ്ഠതയെന്നത് സാറിനെ കണ്ടുതന്നെ പഠിക്കണം. സ്പോര്‍ട്സില്‍ മാത്രമല്ല എല്ലാകാര്യങ്ങളും ഈ കൃത്യനിഷ്ഠത അദ്ദേഹം പാലിച്ചിരുന്നു. ഞങ്ങള്‍ പരിശീലനത്തിനെത്തിയ കായികതാരങ്ങള്‍ക്കെല്ലാം സാറിനെ ഭയമായിരുന്നു. സ്റ്റേഡിയത്തില്‍ അനാവശ്യമായി ഒരു പുല്ലുവളരാന്പോലും സാര്‍ അനുവദിച്ചിരുന്നില്ല. ഓഫീസും സ്റ്റേഡിയവുമെല്ലാം സ്വന്തം വീടുപോലെ പരിപാലിച്ചിരുന്നു. പ്രഗത്ഭനായ കായികാധ്യാപകനും സംഘാടകനുമായിരുന്നു. അനേകം കായികതാരങ്ങളെ കൈപിടിച്ചുയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ കീഴില്‍ വളര്‍ന്നുവന്ന പ്രതിഭകള്‍ അംഗീകാരങ്ങള്‍ നേടുമ്പോള്‍ അഭിനന്ദിക്കാന്‍ അല്പംപോലും മടികാണിച്ചിരുന്നില്ല.
പരിശീലന ശേഷമുള്ള സമയങ്ങളില്‍ ഞങ്ങളെ കറങ്ങിനടക്കാന്‍ അനുവദിച്ചിരുന്നില്ല. എപ്പോഴും പിന്നാലെ വന്ന് പരിശീലനം തുടരുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. ഉഴപ്പിനടക്കാന്‍ ആരെയും അനുവദിക്കില്ല. പരിശീലന കാലങ്ങളില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഭയമായിരുന്നു. എന്നാല്‍ അദ്ദേഹം സ്നേഹനിധിയുമായിരുന്നു. അര്‍ജുന അവാര്‍ഡുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ കിട്ടയപ്പോഴൊക്കെ അദ്ദേഹം വിളിച്ച് അഭിനന്ദിച്ചിരുന്നു. അതെനിക്ക് വലിയ പ്രചോദനമായിരുന്നു. ഈയടുത്തകാലത്തും തമ്മില്‍ കണ്ടിരുന്നതാണ്. സ്നേഹനിധിയായ കായികാധ്യാപകനെയും സംഘാടകനെയുമാണ് നമുക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: