ന്യൂദല്‍ഹി:പ്രവാചകനിന്ദ ആരോപിച്ച് മസ്ജിദിനു മുന്നില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രതിഷേധം നടത്തിയ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്ത് ദല്‍ഹി ജുമാമസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. “ഇവര്‍ ഏത് പാര്‍ട്ടിക്കാരാണ് എന്നറിയില്ല. എവിടെ നിന്ന് വരുന്നു എന്നും അറിയില്ല. പ്രതിഷേധത്തിന് മസ്ജിദ് ആഹ്വാനം ചെയ്തിട്ടില്ല”- സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.
“മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനമൊന്നും നല്‍കിയിട്ടില്ല. ആളുകള്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ഇല്ലെന്ന് ഞങ്ങള്‍ അവരോട് വ്യക്തമായി പറഞ്ഞിരുന്നു. എന്തൊക്കെയായാലും ആത്യന്തികമായി നഷ്ടം നമുക്കായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു”- ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.
‘ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, അവര്‍ എഐഎംഐഎമ്മില്‍ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആണെന്ന് ഞാന്‍ കരുതുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് കഴിയും, പക്ഷേ ഞങ്ങള്‍ അവരെ പിന്തുണയ്ക്കില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ ഉടന്‍ പ്ലക്കാര്‍ഡുകളേന്തി നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുക എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ ഇറങ്ങി. “ഇത്തരമൊരു പ്രകടനം നടത്തുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. അവര്‍ അത് വാങ്ങിയില്ല. ഇത് നിയമവിരുദ്ധമാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം”- ദല്‍ഹി മസ്ജിദ് ഷാഹി ഇമാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: