തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിത ഭവനരഹിതരുമായ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറായതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ംംം.ഹശളല2020.സലൃമഹമ.ഴീ്.ശി ല്‍ പട്ടിക ലഭിക്കും. വെള്ളിയാഴ്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കും. അന്തിമ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും.
ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ 3,28,041 പേര് ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര് ഭൂമി ഇല്ലാത്തവരുമാണ്. ലൈഫ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കിയതനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. തദ്ദേശതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരിശോധനയ്ക്കു ശേഷമാണ് കരട് പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
അപ്പീല്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 17 മുതല്‍ രണ്ട് ഘട്ടമായി അവസരം നല്‍കും. ആദ്യഘട്ടത്തില്‍ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ ആക്ഷേപങ്ങള്‍ നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പുതിയ അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപവും അപ്പീലുകളും സമര്‍പ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ ഓഫീസുകളില്‍ ഹെല്പ് ഡെസ്ക് ഒരുക്കും. അക്ഷയ സെന്റര്‍ മുഖേനയും അപ്പീല്‍ നല്‍കാം. പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്. ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കില്‍ രണ്ടാം ഘട്ട അപ്പീല്‍ സമര്‍പ്പിക്കാം. രണ്ടാം ഘട്ട അപ്പീല്‍ പരിഗണിക്കുന്നത് കളക്ടര്‍ അധ്യക്ഷനും ലൈഫ് മിഷന് ജില്ലാ കോഡിനേറ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ്. ഓണ്‍ലൈനായി അപ്പീല്‍ സമര്‍പ്പിക്കണം.
ലൈഫ് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ 2,95,006 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇതിനു പുറമേ 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക അതത് പഞ്ചായത്ത്/നഗരസഭ ഭരണസമിതികള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഗ്രാമസഭകളിലും വാര്‍ഡ് സഭകളിലും പട്ടിക പരിശോധനയ്ക്ക് വിധേയമാക്കും. അനര്‍ഹര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയാല്‍ ഗ്രാമസഭകള്‍ക്കും വാര്‍ഡ് സഭകള്‍ക്കും അവരെ ഒഴിവാക്കാന്‍ അധികാരമുണ്ട്. ഇതിന് ശേഷമുള്ള പട്ടിക പഞ്ചായത്ത്/നഗരസഭാ ഭരണ സമിതികള്‍ പരിഗണിക്കും. ഓഗസ്റ്റ് 10നുള്ളില്‍ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികള്‍ അംഗീകാരം നല്‍കും. ഓഗസ്റ്റ് 16ന് അന്തിമ ഗുണഭോക്തൃ പട്ടിക വെബ്സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: