ഏറണാകുളം: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊതുക് കടിയില്‍ നിന്നും സംരക്ഷണം നേടാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡെങ്കിപ്പനി ബാധിത മേഖലകളിലുള്ളവരും ഈ മേഖലയില്‍ ജോലിക്കായും മറ്റും പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
ഈ വര്‍ഷം ഇതുവരെ 1089 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 382 സ്ഥിരീകരിച്ച കേസുകളും 6 സംശയിക്കുന്ന മരണങ്ങളും ഒരു സ്ഥിരീകരിച്ച മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് മാസത്തിലാണ്. മെയ് മാസത്തില്‍ മാത്രം 514 സംശയിക്കുന്ന കേസുകളും 131 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജൂണ്‍ മാസത്തിലിതുവരെ 142 സംശയിക്കുന്ന കേസുകളും 62 സ്ഥിരീകരിച്ച കേസുകളുമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തൃക്കാക്കര നഗരസഭ, കൊച്ചി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന തമ്മനം,കൂത്തപ്പാടി, കലൂര്‍, ഇടപ്പള്ളി, പൊന്നുരുന്നി, വെണ്ണല , ചളിക്കവട്ടം എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പകല്‍ സമയങ്ങളിലാണ് കടിക്കുന്നത് എന്നതിനാല്‍ പകല്‍ സമയത്ത് കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം
- കൊതുകുനിവാരണ ലേപനങ്ങള്‍ പുരട്ടുക
- കൊതുകുതിരി / വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റിപ്പലെന്റ്സ് തുടങ്ങിയവ ഉപയോഗിക്കുക
- വാതിലുകളും ജനാലകളും കൊതുക് കടക്കാത്തവിധം നെറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കുക
- പകല്‍ സമയത്തും കൊതുകുവല ഉപയോഗിക്കുക
- വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ആഴ്ചതോറുമുള്ള ഉറവിട നശീകരണത്തിനും പ്രാധാന്യം നല്‍കണം
- വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുക
ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്.മണി പ്ലാന്റ് പോലെയുള്ള അലങ്കാര ചെടികള്‍ വളര്‍ത്തുന്ന വെള്ളം നിറച്ച പാത്രങ്ങള്‍, പൂച്ചട്ടികള്‍, പൂച്ചട്ടിയുടെ അടിയിലെ ട്രേ, മറ്റു പാഴ്വസ്തുക്കള് എന്നിവയില്‍ വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം.
വെള്ളം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ഉപയോഗശൂന്യമായ ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല് സംഭരിക്കുന്ന ചിരട്ടകള്‍, പൈനാപ്പിള്‍ ചെടിയുടെ ഇലകള്‍ക്കിടയിലും, കൊക്കോ തോടുകള്‍, കമുകിന്റെ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്സ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.
വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറവിട നശീകരണത്തിനായി െ്രെഡ ഡേ ആചരിക്കണം. ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെയും ഒരു വൈറല്‍ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാല്‍ ചിലപ്പോള്‍ രോഗം സങ്കീര്‍ണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം.
ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നു പോയത് ചിലപ്പോള്‍ അറിയണമെന്നില്ല. അതിനാല്‍ ഡെങ്കിപ്പനി ഉണ്ടായാല്‍ രണ്ടാമത് രോഗം വരുന്നതെന്ന രീതിയില്‍ തന്നെ അതീവ ശ്രദ്ധ പുലര്‍ത്തണം. പനി, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുന്നതിലൂടെ രോഗം ഗുരുതരമാകുന്നത് തടയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: