തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചു സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഗൂഢാലോചനയെക്കുറിച്ചു പരിശോധിക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും അനില്‍ കാന്ത് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണു വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.
അതേസമയം സ്വപ്ന സുരേഷിനെതിരായ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസും കടുപ്പിക്കുകയാണെന്നും വിവരമുണ്ട്. അന്തിമ തെളിവെടുപ്പിനായി പോലീസ് പഞ്ചാബിലേക്കു പോകും. രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണു നീക്കം. സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ഷാജി കിരണ്‍ എന്നയാളുടെ പേരും വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്ന പേരിലൊരാള്‍ തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കില്‍ കാലങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരുമെന്നും, കുട്ടികള്‍ ഒറ്റയ്ക്കാവുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ സ്വപ്ന സുരേഷ് പറയുന്നു. രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇന്ന് രാവിലെ പത്ത് മണിയോടെ പിന്‍വലിക്കണം. ഇത് പിന്‍വലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താനിതിന് തയ്യാറാകാതിരുന്നതോടെ, തന്നെ വളരെ രൂക്ഷമായ ഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു. ഇയാള്‍ പറഞ്ഞതിന്റെ ഒരു ഭാഗം താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് കേസ് സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: