ന്യൂദല്‍ഹി: ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ചൊവ്വാഴ്ച രാത്രി ഏകദേശം 25 മുതല്‍ 50 വരെ പേരടങ്ങുന്ന അക്രമിസംഘം വാളുകളും വടികളുമായി അഴിഞ്ഞാടി. വീടുകളില്‍ അതിക്രമിച്ച് കടന്നശേഷം കല്ലെറിഞ്ഞതായും പരാതി. വീടുകള്‍ക്ക് മുന്പില് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. യുവാക്കളുടെ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായുള്ള അക്രമമാണെന്നും ഇതില്‍ വര്‍ഗ്ഗീയതയില്ലെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
വാളുകളും വടികളും കല്ലുകളുമായി ഏകദേശം 25-50 പേര് വരെ ഉള്‍പ്പെടുന്ന സംഘം രാത്രി പത്ത് മണിയോടെ ജഹാംഗീര്‍പുരിയില്‍ എത്തിയതായി അക്രമത്തിന് ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു. “പലരും ഞങ്ങള്‍ക്ക് നേരെ വാളോങ്ങി. അതുകൊണ്ട് ഞങ്ങള്‍ വീടിനുള്ളില്‍ അടച്ചിട്ടിരുന്നു. അവര്‍ വീടുകള്‍ക്ക് മുന്നിലെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. ക്രമസാമാധാന പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. വീടിനുള്ളില്‍ താമസിക്കുന്ന ചിലര്‍ക്ക് ഓടി രക്ഷപ്പെടാനായി. ചില നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പലരും വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്നു”- ദൃക്സാക്ഷിയായ സ്ത്രീ പറയുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അക്രമികളായ യുവാക്കളുടെ സംഘം വീടുകള്‍ക്ക് നേരെ കല്ലെറിയുന്നത് കാണാം. വീടുകള്‍ക്ക് മുന്പില് പാര്‍ക്ക് ചെയ്ത കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.
പ്രശ്നത്തില്‍ വര്‍ഗ്ഗീയതയില്ലെന്നും യുവാക്കള്‍ തമ്മില്‍ എന്തോ തര്‍ക്കത്തിന്റെ പേരില്‍ നേരത്തെ നടന്ന ഏറ്റുമുട്ടലിന് പകരം വീട്ടാന്‍ വന്നതാണെന്ന് പറയുന്നു. രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ശ്രമിച്ച സ്ഥലമാണ് ജഹാംഗീര്‍പുരി. ഇവിടെ ഹനുമാന് ജയന്തിയോടനുബന്ധിച്ച് നടത്തിയ യാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നായിരുന്നു അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ശ്രമിച്ചത്. എന്നാല്‍ സുപ്രീംകോടതി തടഞ്ഞതിനാല്‍ അതിന് സാധിച്ചില്ല. മ്യാന്മറില് നിന്നെത്തിയ മുസ്ലിങ്ങളായ രോഹിംഗ്യകളും ഒട്ടേറെ സാമൂഹ്യവിരുദ്ധ ശക്തികളും അനധികൃതക്കെട്ടിടങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ് ജഹാംഗീര്‍പുരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: