തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലന്‍സ് സംഘമെന്ന് പോലീസ്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ കൊണ്ടുപോയതെന്നാണ് പ്രാഥമിക വിവരം. മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥരെ അറിയിച്ച ശേഷമായിരുന്നു വിജിലന്‍സിന്റെ നടപടിയെന്നും പോലീസ് അറിയിച്ചു.
പൂജപ്പുര സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1- ആണ് ലൈഫ് മിഷന് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കില്‍ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോള്‍ പൊലീസിന്റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പോലീസെത്തി പരിശോധിച്ചു.
അതേസമയം, ഒരു നോട്ടിസും നല്‍കാതെയാണ് സരിത്തിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ടാണു വിജിലന്‍സ് സരിത്തിനെ കൊണ്ടുപോയതെങ്കില്‍ ആദ്യം കൊണ്ടുപോകേണ്ടത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയാണെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തലുകള്നടത്തി തുടങ്ങിയതിന് പിന്നാലെ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയതെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. പിണറായിക്കെതിരെ രാവിലെ വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഒരു സംഘം തന്റെ സഹായി സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന ആരോപിച്ചത്. വെള്ള സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി. ഞാന്‍ സത്യം വെളിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാല്‍ ഇതാണോ കേരളത്തില്‍ സംഭവിക്കുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്ന ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: