മട്ടാഞ്ചേരി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളുടെ ജീവനു ഭീഷണിയാവുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ബോധവത്കരണത്തിനായി മുന്നിട്ടിറങ്ങുകയാണ് ലോകരാജ്യങ്ങള്‍.
സമുദ്രമാലിന്യത്തിന്റെ 80 ശതമാനം പ്ലാസ്റ്റിക്ക് അനുബന്ധമാണ്. 10 ശതമാനം മെര്‍ക്കുറി, കാഡ്മിയം, എണ്ണ, റേഡിയോ ആക്ടിവ് എന്നിവയും. സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യതോത് 5.25 ട്രില്യന്‍ (ഏകദേശം അഞ്ചു കോടി 25 ലക്ഷത്തോളം) ടണ്‍ ആണന്നാണ് കണക്കാക്കുന്നത്. 2030 ആവുന്നതോടെ ഇത് ഇരട്ടിയാകുമെന്നാണ് യുഎന്നിന്റെ വിലയിരുത്തല്‍.
പ്രതിവര്‍ഷം 23-37 ദശലക്ഷം മെട്രിക് ടണ്‍ മാലിന്യമാണ് സമുദ്രത്തിലെത്തുന്നത്. ഒരു കിലോമീറ്റര്‍ തീരദേശത്ത് നിന്ന് 50 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രങ്ങളിലെത്തുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. 1950കളിലെ പ്ലാസ്റ്റിക് മാലിന്യ മുക്ത ഇന്ത്യന്‍ സമുദ്ര തീരങ്ങളില്‍ 1960-70 കളിലാണ് പ്ലാസ്റ്റിക് തള്ളുന്ന പ്രവണത തുടങ്ങിയത്. 1990കളിലെ 0.9 ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് 2018 ല്‍ ഇത് 18.45 മെട്രിക്ക് ടണ്ണായി കുത്തനെ വര്‍ധിച്ചതായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസും നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചും ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളിലും അനുബന്ധവുമായി ജനസംഖ്യയുടെ 24-30 ശതമാനംവരെ ജനത സമുദ്രമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നുവെന്നാണ് വിലയിരുത്തല്‍. മോദിയുടെ ഗംഗാ ശുചീകരണ പദ്ധതിയായ ‘നമാമി ഗംഗേ’ പോലുള്ളവ വ്യാപകമാക്കി ചെറു കായലുകള്വരെ പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ദൗത്യത്തിലേക്ക് ജനങ്ങളും തലമുറകളും മുന്നിട്ടിറങ്ങണമെന്നാണ് കോസ്റ്റല്‍ റിസര്‍ച്ച് സംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: