കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നപരിഹാരത്തിന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ അപ്രായോഗികമെന്ന് ആശങ്ക. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതു മുതല്‍ തകരാറിലായ കെട്ടിടങ്ങള്‍ വരെ നിരവധിയാണ് പ്രശ്നങ്ങള്‍.
സുരക്ഷയ്‌ക്ക് നാലുപേരെ അധികമായി നിയമിച്ചെന്ന് ഇന്നലെ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. 453 അന്തേവാസികള്‍ക്ക് നിലവിലുള്ളത് നാല് സുരക്ഷാജീവനക്കാരാണ്. നാലുപേരെ കൂടി നിയമിച്ചാലും കാര്യമില്ലാത്ത അവസ്ഥയാണ്. 1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് 24 സുരക്ഷാ ജീവനക്കാരെങ്കിലും വേണ്ടിടത്താണിത്. 154 സ്ത്രീ അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ നിയന്ത്രിക്കാന്‍ ആകെയുള്ള സ്ത്രീ സുരക്ഷാ ജീവനക്കാര്‍ രണ്ടുപേരും.
അതിനിടയാണ് കൊലപാതകവും ഒളിച്ചോട്ടങ്ങളും ആത്മഹത്യയുമൊക്കെ വാര്‍ത്തയാവുന്നത്. ഓരോ പ്രശ്നമുണ്ടാവുമ്പോഴും ആരോഗ്യമന്ത്രി പരിഹാരം നിര്‍ദേശിക്കുമെങ്കിലും ഒന്നും ഇതുവരെ നടപ്പായിട്ടില്ല. ആവശ്യമായ നിയമനങ്ങള്‍ നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങുകയാണ്.
പാചകക്കാരുടെ തസ്തികയിലും നിയമനം നടത്താന്‍ ധനവകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും മടങ്ങാനാവാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാകേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒളിച്ചോടിപ്പോയ അന്തേവാസി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തത് ഡോക്ടര്‍മാരുടെ സമരത്തിന് ഇടയാക്കിയിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ഉറപ്പിന്മേലാണ് സമരം താത്കാലികമായി പിന്‍വലിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ എത്തി അന്വേഷിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇന്നലെ രാവിലെ എത്തുമെന്ന് അറിയിച്ചിരുന്ന ഡയറക്ടറെത്തിയത് വൈകിട്ട് അഞ്ചിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: