ശാസ്താംകോട്ട: എസ്ഡിപിഐ ബന്ധം ആരോപിച്ച് നടപടി നേരിട്ട ഡിവൈഎസ്പിയെ സ്ഥലംമാറ്റച്ചട്ടം മറികടന്ന് സിപിഎം ജില്ലാനേതൃത്വം പുതിയ നിയമനം നല്‍കിയതായി ആരോപണം. കൊല്ലം സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന പി. ഷറീഫിനെയാണ് ശാസ്താംകോട്ട ഡിവൈഎസ്പിയായി നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയത്. തിരുവനന്തപുരം റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന എ.അഭിലാഷിനെ ശാസ്താംകോട്ട ഡിവൈഎസ്പിയായി നിയമിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് ഉത്തരവിറങ്ങിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പിയായിരുന്ന പി.രാജ്കുമാറിനെ കൊച്ചി സിറ്റി സ്പെഷല്ബ്രാഞ്ചിലും അഭിലാഷിനെ ശാസ്താംകോട്ടയിലേക്കും നിയമിച്ചായിരുന്നു ആ ഉത്തരവ്.
എന്നാല്‍ വിസ്മയ കേസിന്റെ അന്വേഷണച്ചുമതലയില്‍ വന്ന രാജ്കുമാറിനെ അതവസാനിക്കുന്നതുവരെ ശാസ്താംകോട്ടയില്‍ നിലനിര്‍ത്തി പിന്നീട് ആഭ്യന്തര വകുപ്പ് ഇടക്കാല ഉത്തരവിറക്കി. അതനുസരിച്ച് എ. അഭിലാഷ് കൊച്ചി സിറ്റി സ്പെഷല്‍ ബ്രാഞ്ചിലേക്ക് പോയി. വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ ശാസ്താംകോട്ടയിലേക്ക് നിയമനം ആവശ്യപ്പെട്ട് അഭിലാഷ് ആഭ്യന്തരവകുപ്പിനെ സമീപിച്ചു. എന്നാല്‍ കോടതിയില്‍ വാദം പൂര്‍ത്തിയാകുന്നതുവരെ രാജ്കുമാര് ശാസ്താംകോട്ടയില്‍ തുടരാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചു. വിസ്മയ കേസിന്റെ വിധി വന്നശേഷം അഭിലാഷ് ശാസ്താംകോട്ടയിലേക്ക് വരാനിരിക്കെയാണ് നിയമനത്തില്‍ അട്ടിമറി നടന്നത്.
രണ്ട് വര്‍ഷം മുന്‍പ് പത്തനാപുരം പാടത്ത് നടന്ന എസ്ഡിപിഐ കലാപവുമായി ബന്ധപ്പെട്ട് ആയുധശേഖരം കണ്ടെടുത്ത അന്വേഷണം പൂഴ്ത്തിയ സംഭവത്തില്‍ അന്ന് സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ഷെറീഫിനെതിരെ വകുപ്പ് തല അന്വേഷണം നടത്തുകയും നടപടിക്ക് ശിപാര്‍ശ ചെയ്തതുമാണ്. ജില്ലയില്‍ നിന്നുള്ള എംഎല്‍എയായ സിപിഎം സംസ്ഥാന നേതാവിന്റെ വിശ്വസ്തനാണ് ഡിവൈഎസ്പി ഷറീഫ്. സ്ഥലംമാറ്റ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് ഷറീഫിനെ ശാസ്താംകോട്ട ഡിവൈഎസ്പിയായി നിയമിച്ചത് രാഷ്ട്രീയ പിന്‍ബലത്തിലാണെന്ന് സിപിഎം ശാസ്താംകോട്ട ഏരിയാ ഭാരവാഹികള്‍ തന്നെ ആരോപിക്കുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ മറികടന്നാണ് സംസ്ഥാനനേതാവായ എംഎല്‍എ ആഭ്യന്തര വകുപ്പില്‍ സ്വാധീനം ചെലുത്തി ഷറീഫിനെ ശാസ്താംകോട്ടയില്‍ നിയമിച്ചതെന്നാണ് ആരോപണമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: