തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സിന്റെ പേരില്‍ ജോലി തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയില്‍. ഈസ്റ്റ് ദല്‍ഹി ഷക്കര്‍പൂര്‍ നെഹ്റു എന്‍ക്ലേവ് ബ്ലോക്കില്‍ താമസിക്കുന്ന സൂരജ് (23), ദല്‍ഹി ഫസല്‍പൂര്‍ മാന്‍ഡവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുലഗഡേ ഹൗസിങ്ങ് കോളനി ജേക്കബ്ബ് രാജ് (22) എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും തൃശൂര്‍ സൈബര്‍ ക്രൈം എസ്ഐ കെ.എസ്. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഷോറൂമുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വന്‍ തുക തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായവരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, പെന്‍ ഡ്രൈവ് എന്നിവ പരിശോധിച്ചതില്‍ വിമാനകമ്പനികളുടേതടക്കം ഇന്ത്യയിലെ പ്രശസ്തമായ പല സ്ഥാപനങ്ങളുടെ പേരിലും ലെറ്റര്‍ ഹെഡുകളും, വ്യാജരേഖകളും സൃഷ്ടിച്ച് തട്ടിപ്പു നടത്തിയതായി പോലീസ് പറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അതാതു അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജു സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സൈബര്‍ ഇന്‍സ്പെക്ടര്‍ എ.എ അഷ്റഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.
പ്രതികളുടെ രീതി ഇങ്ങനെ
ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ ജോലി അന്വേഷണാര്‍ത്ഥം രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പേരിനോട് സാമ്യമുള്ള വ്യാജ ഇ-മെയില്‍ വിലാസങ്ങളും, വെബ്സൈറ്റുകളും സൃഷ്ടിക്കുന്നു. ഇത്തരം ഇ-മെയിലുകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ മെയില്‍ വിലാസത്തിലേക്ക് ജോലി വാഗ്ദാനം ചെയ്ത് മെയില്‍ അയക്കുന്നു.
ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പരിഗണിച്ചുകൊണ്ടുള്ള ജോലി ഓഫറുകളായിരിക്കും അയച്ചു നല്കിയിട്ടുണ്ടാകുക. ഇതിനായി സ്ഥാപനങ്ങളുടെ പേരില്‍ ലെറ്റര്‍പാഡുകളും, രേഖകളും വ്യാജമായി സൃഷ്ടിക്കുകയാണ് പ്രതികളുടെ രീതി. അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിശ്വസനീയമാകുന്നു.
ഇ-മെയില്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അതില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നു. തുടര്‍ന്ന്, തട്ടിപ്പുകാരില്‍ വിശ്വാസം ജനിപ്പിക്കുന്നതിനുവേണ്ടി, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ, ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ എന്നിവ നടത്തുന്നു. തുടര്‍ന്ന് അഡ്മിഷന് ഫീസ്, ട്രെയിനിങ്ങ് ചാര്‍ജ്, തുടങ്ങി പലവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കുന്നു.
നിയമനം ലഭിച്ച് ആദ്യ ശമ്പളത്തോടൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കും എന്ന വാഗ്ദാനം കൂടി നല്‍കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ അത് വിശ്വസിച്ച് പണം നിക്ഷേപിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ചെറിയ തുകകളായി പണം നിക്ഷേപിക്കുന്നതുകൊണ്ട് പലപ്പോഴും പണം നഷ്ടപ്പെട്ട കാര്യത്തിന് പോലീസില്‍ പരാതി നല്‍കുന്നതിന് വിമുഖത കാണിക്കുന്നു. ഇതാണ് തട്ടിപ്പുകാര്‍ അവരുടെ രീതി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണം. ഇങ്ങനെ പണം നിക്ഷേപിച്ചതിനുശേഷവും, ജോലി ലഭിക്കാതായതോടെ ഏതാനും പേര് കല്യാണ്‍ ജ്വല്ലേഴ്സില്‍ സമീപിച്ചപ്പോഴാണ് തട്ടിപ്പു നടക്കുന്ന വിവരം മനസ്സിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: