ബെംഗളൂരു: ജൂണ്‍ 20ന് 15,000 കോടി രൂപയുടെ ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഗോവിന്ദരാജ് നഗര്‍ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ ഹയര്‍ പ്രൈമറി സ്കൂളില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അന്താരാഷ്ട്ര നിലവാരത്തിലുളള ഒരു മെഗാ സിറ്റിയായി ബെംഗളൂരുവിനെ വികസിപ്പിക്കുമെന്നും ബൊമ്മൈപറഞ്ഞു.
ഏറ്റവും പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ബെംഗളൂരു ഇവിടെ നിര്‍മ്മിക്കപ്പെടും.അതിന്റെ വികസനത്തിനായി നിയമസഭാംഗങ്ങളുടെ ഒരു സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഇന്ത്യയ്ക്കായി നവ-കര്‍ണാടക രൂപീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി നഗരോത്ഥാനന് യോജന പ്രകാരം അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി 6,000 കോടി രൂപയും ഓടകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് 1,500 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
അയല്‍ ജില്ലകളെ ബെംഗളൂരു നഗരവുമായി കൂട്ടിയിണക്കാന്‍ പ്രാപ്തമായ 148.17 കിലോമീറ്റര്‍ സബേര്‍ബന്‍ റെയില്‍ പദ്ധതി 2026ല്‍ പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഹൊസൂര്‍, കോലാര്‍, രാമനഗര, മൈസൂരു, നെലമംഗല, ചിക്കബെല്ലാപുര തുടങ്ങി സമീപ നഗരങ്ങളെ ബെംഗളൂരുവുമായി കൂട്ടിയിണക്കുന്ന പദ്ധതിക്ക് 2020 ഒക്ടോബറിലാണ് കേന്ദ്രാനുമതി ലഭിച്ചത്.
കെഎസ്ആര് ബെംഗളൂരു റെയില്‍വേ സ്റ്റേഷന്- ദേവനഹള്ളി, ബയ്യപ്പനഹള്ളി- ചിക്കബാനവാര, കെങ്കേരി- കന്റോണ്‍മെന്റ് വൈറ്റ്ഫീല്‍ഡ്, ഹീലലിഗെ (ഇലക്ട്രോണിക് സിറ്റി)- രാജനകുണ്ഡെ എന്നിങ്ങനെ 4 ഇടനാഴികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: