ചെന്നൈ: വീണ്ടും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് തമിഴ്നാട് ഭരിയ്‌ക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗള്‍ കച്ചി (വിസികെ) പാര്‍ട്ടിയുടെ വക്താവ് ആര്‍. വിക്രമൻ. യുവാവായിരുന്നപ്പോള്‍ ഭഗവാന്‍ കൃഷ്ണന് അവിഹിത ബന്ധമുണ്ടായിരുന്നു എന്നത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളാണ് വിക്രമന്‍ നടത്തിയത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി ബിജെപിയും വിസികെയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുകയാണ്. വിസികെയുടെ ഹിന്ദു വിരുദ്ധനിലപാടുകളെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ശക്തമായ പ്രത്യാക്രമണമാണ് നടക്കുന്നത്.
ഈയിടെ വിസികെ തമിഴ്നാട്ടില്‍ ഹിന്ദു വിരുദ്ധ റാലി നടത്തിയിരുന്നു. ബിജെപി അണ്ണാമലൈയുടെ നേതൃത്വത്തില്‍ ശക്തമാകുന്നതോടെ ദ്രാവിഡപാര്‍ട്ടികള്‍ ശക്തമായ ഹിന്ദുവിദ്വേഷവികാരം പടര്‍ത്താനുള്ള ശ്രമത്തിലാണ്. മധുരൈയില്‍ മെയ് 29ന് നടത്തിയ ഹിന്ദു വിരുദ്ധറാലിയില്‍ തന്റെ പാര്‍ട്ടിക്കാര്‍ വിളിച്ച ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങളെ വിക്രമന്‍ ന്യായീകരിക്കുകയും ചെയ്തു. പിന്നീട് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഗോപികമാരുമായി കൃഷ്ണന് അവിഹിതബന്ധമുണ്ടായിരുന്നുവെന്ന് വിക്രമന്‍ വാദിച്ചു. “കൃഷ്ണന്‍ യുവാവായിരുന്നപ്പോള്‍ വൃന്ദാവനിലെ സ്ത്രീകളുമായി നിറയെ അവിഹിതബന്ധങ്ങളുണ്ടായിരുന്നു. അതാണ് രാസലീല എന്ന് വിളിക്കപ്പെടുന്നത്. ” – വിക്രമന്‍ പറഞ്ഞു. ഇതെല്ലാം പുരാണങ്ങളില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ വിക്രമനെ എതിര്‍ത്തു. “മറ്റൊരാളുടെ ദൈവത്തെ ഈ രീതിയില്‍ അപമാനിക്കാന്‍ വിക്രമന് അധികാരമില്ല. പുരാണങ്ങള്‍ പ്രതീകാത്മക വിവരണങ്ങളാണ്. അത് വാക്കുകളുടെ മാത്രം അര്‍ത്ഥമെടുത്ത് വ്യാഖ്യാനിക്കരുത്. രാവണന് പത്ത് തല എന്ന് പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം രാവണന് പത്ത് തലകള്‍ ഉണ്ടെന്നല്ല. പത്ത് പേരുടെ ബുദ്ധി അദ്ദേഹത്തിനുണ്ട് എന്നേ അര്‍ത്ഥമുള്ളൂ. “- അദ്ദേഹം വാദിച്ചു.
“അതുപോലെ അയ്യപ്പന്‍ ശിവ ഭഗവാന്റെയും വിഷ്ണുഭഗവാന്റെയും കുട്ടിയാണ് എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം ശിവനും വിഷ്ണുവും തമ്മിലുള്ള വിവാഹത്തില്‍ ഉണ്ടായ കുട്ടിയാണ് എന്നല്ല അര്‍ത്ഥം. ഈ രണ്ട് ദൈവങ്ങളുടെയും ഗുണങ്ങള്‍ കൂടിച്ചേര്‍ന്ന വ്യക്തി എന്നേ അര്‍ത്ഥമുള്ളൂ. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഹിന്ദുമതത്തിലെ വൈഷ്ണവ, ശൈവ പാരമ്പര്യങ്ങള്‍ കൂട്ടിച്ചേര്‍ന്ന ദൈവമാണ് അയ്യപ്പന്‍. “- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: