കോട്ടയം : മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബിനു അറസ്റ്റില്‍. സ്ത്രീധനമാവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ പീഡിപ്പിച്ചതായി മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് നടപടി. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കിടങ്ങൂര്‍ സ്വദേശി ബിനുവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് അര്‍ച്ചനയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബിനുവിനെതിരെ അര്‍ച്ചനയുടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് ഓട്ടോ കണ്‍സള്‍ട്ടന്റായ ബിനുവും അര്‍ച്ചനയും വിവാഹിതരായത്. എഞ്ചിനീയറിങ് ബിരുദധാരിയാണ് അര്‍ച്ചന.
വിവാഹ ആലോചന വന്നപ്പോള്‍ തന്നെ തന്റെ കയ്യില്‍ സ്ത്രീധനമായി ഒന്നും നല്‍കാനില്ലെന്ന് അര്‍ച്ചനയുടെ പിതാവ് രാജു അറിയിച്ചിരുന്നു. എന്നാല്‍ സ്വത്തും സ്വര്‍ണവും വേണ്ടെന്ന് പറഞ്ഞ് ബിനു അര്‍ച്ചനയെ കല്യാണം കഴിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ബിനു പണം ആവശ്യപ്പെട്ട് അര്‍ച്ചനയെ പീഡിപ്പിക്കുകയായിരുന്നു. അര്‍ച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാന്‍ സമ്മതിക്കില്ല. സ്വന്തം വീട്ടുകാരുടെ മുന്നില്‍ വച്ചും അര്‍ച്ചനയെ ബിനു മര്‍ദ്ദിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് അര്‍ച്ചനയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. സ്ഥലം വിറ്റ് പണം നല്കാന് വീട്ടുകാര്‍ തീരുമാനിച്ചെങ്കിലും കോവിഡ് കാലത്ത് അത് മുടക്കി. ഇതിന്റെ വൈരാഗ്യത്തിവും ബിനു, അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നു. അര്‍ച്ചന മരിക്കുന്നത് ദിവസങ്ങള്‍ക്ക് മുമ്പ് 20,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: