ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കാസര്‍കോടിനടുത്തു കുമ്പളയിലെ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ പ്രധാന സ്ഥാനം വഹിക്കുന്ന വി. രവീന്ദ്രന്‍ വിളിച്ചിരുന്നു. 1967 മുതല്‍ ഭാരതീയ ജനസംഘത്തിന്റെ ഉത്തരമേഖലാ സംഘടനാ കാര്യദര്‍ശിയായിരുന്ന കാലത്തു പരിചയപ്പെട്ട ഊര്‍ജസ്വലനായ പ്രവര്‍ത്തകനാണ് രവീന്ദ്രന്‍. കൂത്തുപറമ്പക്കാരായ രവീന്ദ്രന്റെ കുടുംബം കുമ്പളയിലേക്കു സ്വയം പറിച്ചുനട്ടവരായിരുന്നു. അവിടെ വി.ടു. ഹോട്ടല്‍ എന്ന സ്ഥാപനം നടത്തിവന്നിരുന്നതിനാല്‍ അദ്ദേഹം ‘വീട്ടു രവി’ എന്നാണറിയപ്പെട്ടിരുന്നത്. നാട്ടില്‍ ആയിരുന്നപ്പോള്‍ തന്നെ ഉറച്ച് മാര്‍ക്‌സിസ്റ്റു കുടുംബമായിരുന്നു അവരുടേത്. പുതിയ സ്ഥലത്ത് സഹപാഠികളുടെയും മറ്റും സഹവാസത്തില്‍ അദ്ദേഹം സംഘശാഖയില്‍ പങ്കെടുക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു. സ്വാഭാവികമായും ജനസംഘത്തിലും താല്‍പ്പര്യമെടുത്തു വന്നു. അതു സ്വകുടുംബത്തില്‍ അനിഷ്ടത്തിനിടയാക്കി. കന്നഡ, കൊങ്കണി, തുളു മുതലായ ഭാഷക്കാരായിരുന്ന സ്വയംസേവകരിലധികവുമെന്നതും, രവീന്ദ്രനെപ്പോലുള്ളവര്‍ സംഘത്തില്‍ സജീവമായത് അവര്‍ക്ക് പുതിയ കവാടം പോലെയായി. മാര്‍ക്‌സിസ്റ്റ് കുടുംബാംഗമായിരുന്നതിനാല്‍ സംഘാശയങ്ങളുടെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ശേഷിയും അദ്ദേഹം സ്വയം വികസിപ്പിച്ചെടുത്തു. മുന്‍പ് പ്രചാരകനായിരുന്നപ്പോഴും ജനസംഘ ചുമതലകള്‍ വഹിച്ചപ്പോഴും എനിക്കു കൂത്തുപറമ്പുമായി വികസിച്ചുവന്ന അടുപ്പവും രവീന്ദ്രനുമായി കൂടുതല്‍ ദൃഢബന്ധമുണ്ടാവാന്‍ കാരണമായി.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് 1975 ജൂലൈ രണ്ടാം തീയതി പുലരുന്നതുമുന്‍പ്, മിക്കവാറും അര്‍ദ്ധരാത്രി കഴിഞ്ഞു നടത്തിയ വിപുലമായ പോലീസ് റെയ്ഡില്‍ പിടിക്കപ്പെട്ടവരില്‍ ഞാനും രവീന്ദ്രനും പെട്ടു. പിറ്റേന്ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ചേരാന്‍ നിശ്ചയിക്കപ്പെട്ടിരുന്ന ജനസംഘം സംസ്ഥാന പ്രതിനിധിസഭയില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെ ജനസംഘകാര്യാലയത്തിലെത്തി ഉറങ്ങുകയായിരുന്നവരെ പിടികൂടിയ കൂട്ടത്തില്‍ അദ്ദേഹവും പെട്ടുവെന്നേയുണ്ടായിരുന്നുള്ളൂ. ഉറങ്ങിക്കിടന്നപ്പോള്‍ ധരിച്ച അടിവസ്ത്രം മാത്രമായിട്ടാണ് അദ്ദേഹം കസ്റ്റഡിയിലായത്. ഞാന്‍ താമസിച്ചിരുന്ന അലങ്കാര്‍ ലോഡ്ജിലെത്തിയ പോലീസുകാര്‍ മുണ്ടും ഷര്‍ട്ടും മാത്രമല്ല കുറച്ചു പണവും എടുക്കാന്‍ എന്നെ അനുവദിച്ചു. ജന്മഭൂമി പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയുമുണ്ടായിരുന്നു. കാഴ്ച തീരെ കുറവായിരുന്ന അദ്ദേഹത്തെ കണ്ണടയെടുക്കാന്‍ അനുവദിച്ചില്ല. മെഡിക്കല്‍ കോളജിന് സമീപം പണിതീര്‍ന്നിട്ടില്ലാതിരുന്ന പോലീസ് സ്റ്റേഷനിലാണ് ഞങ്ങളെ പാര്‍പ്പിച്ചത്. മുന്‍ സ്വയംസേവകരായ ഏതാനും പോലീസുകാര്‍ എന്നെ സമീപിച്ച് പിറ്റേന്ന് ഉച്ചയ്‌ക്കു ഭക്ഷണം വാങ്ങിക്കൊണ്ടു തന്നു. ഞാന്‍ പൈസ എടുത്തതിനാല്‍ അല്‍പ്പമായെങ്കിലും എല്ലാവര്‍ക്കും ആഹാരം കിട്ടി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ അന്നുതന്നെ സിജെഎമ്മിനു മുന്‍പാകെ ഹാജരാക്കുമെന്നു അദ്ദേഹം പറഞ്ഞു. രവീന്ദനെയും കോഴിക്കോട്ട് പ്രചാരകനായിരുന്ന കെ. പെരച്ചനെയും എന്നെയും ഒരു കേസില്‍ പ്രതികളാക്കിയാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. രവീന്ദ്രനെ വസ്ത്രമെടുക്കാന്‍ അനുവദിക്കാത്ത കാര്യം രേഖപ്പെടുത്തണമെന്നു ഞാന്‍ സിജെഎമ്മിനെ അറിയിച്ചു. അടിയന്തരാവസ്ഥയില്‍ ഒരേ കള്ളക്കേസില്‍ പ്രതികളാക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. പ്രിയ പെരച്ചന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മെ വിട്ടുപിരിഞ്ഞു. അനശ്വരമായ സ്മരണ ഉണര്‍ത്തിക്കൊണ്ട് അദ്ദേഹം കേരളമാകെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഹൃദയങ്ങളില്‍ നിലനില്‍ക്കുന്നു.
രവീന്ദ്രന്റെ പ്രവര്‍ത്തന കേന്ദ്രമായി കരുതാവുന്ന കുമ്പള കാസര്‍കോടിനു വടക്കാണ്. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ കാസര്‍കോടിനു തെക്ക് ചന്ദ്രഗിരിപുഴവരെയുള്ള താലൂക്ക് കര്‍ണാടക പ്രാന്തത്തിലാണ്. സംസ്ഥാന പുനസ്സംഘടനയ്‌ക്കു മുന്‍പ് മലബാര്‍ പയ്യന്നൂര്‍ പുഴ വരെയേ ഉണ്ടായിരുന്നുള്ളൂ. അതിന് വടക്ക് ദക്ഷിണ കന്നഡ ജില്ലയില്‍ തന്നെ തുടര്‍ന്നു. ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് അവ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സംഘത്തിന്റെ സവിശേഷ സ്വഭാവം മൂലം അതു തുടരുകയാണ്.
അടിയന്തരാവസ്ഥക്കാലത്ത് രവീന്ദ്രനും പെരച്ചനും ഞാനുമുള്‍പ്പെട്ട കേസ് വെറുതേ വിട്ടു. പിന്നീട് 1975 നവംബര്‍ 14 ന് ദേശവ്യാപകമായ സത്യഗ്രഹവും മറ്റു സമരപരിപാടികളും നടന്നുവല്ലൊ. അഖിലഭാരത തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ വിലയിരുത്തലില്‍ ഏറ്റവും കൂടുതല്‍ സത്യഗ്രഹവും അറസ്റ്റുകളും നടന്നത് കാസര്‍കോട് താലൂക്കിലായിരുന്നുവെന്നു തെളിഞ്ഞു. സത്യഗ്രഹത്തിലും മറ്റു പ്രത്യക്ഷ പരിപാടികളിലും സംഘവുമായി ബന്ധപ്പെട്ടവര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂവെന്നത് സര്‍വവിദിതമായിരുന്നു. ആഭ്യന്തര വകുപ്പ് ഇക്കാര്യം മുഖ്യമന്ത്രി അച്യുതമേനോന്റെ പ്രത്യേക ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹമാകട്ടെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനോട് ഉത്തരമേഖലാ ഐജിയില്‍നിന്നു വിശദീകരണമാവശ്യപ്പെടാന്‍ നിര്‍ദേശിച്ചു. എം.ജി. അച്ചുതരാമന്‍ ആയിരുന്നു ഉത്തരമേഖലാ ഐജി. കരുണാകരന്റെ സരസ്വതീ വിലാസത്തില്‍ ഉരുകിത്തിളച്ച അച്ചുതരാമനാകട്ടെ കാസര്‍കോട് താലൂക്കില്‍ ഏറ്റവും കൂടുതല്‍ സത്യഗ്രഹികള്‍ പങ്കെടുത്ത പൈവളിഗെ ഗ്രാമത്തിനു മേല്‍ തന്റെ രോഷവും ശക്തിയും മുഴുവന്‍ പ്രയോഗിച്ചു. അച്ചുതരാമന്റെ പോലീസുകാര്‍ കേറിമേയാത്ത ഒരൊറ്റ വീടും ആ ഗ്രാമത്തില്‍ ബാക്കി വച്ചില്ല. തെയ്യം കഴിഞ്ഞ അമ്പലമുറ്റത്തെ തുള്ളിയൊഴിഞ്ഞയിടംപോലെയായി പൈവളിഗെ ഗ്രാമം. അന്നത്തെ മര്‍ദ്ദനത്തില്‍ മരിച്ചവരും, മരണതുല്യം യാതനയനുഭവിച്ചവരും ധാരാളം. പോലീസുകാരും കോണ്‍ഗ്രസ്സുകാരും മത്സരിച്ചായിരുന്നു മര്‍ദ്ദനത്തിന് മുന്നില്‍ നിന്നത്. ‘മരണത്തെ വെല്ലുവിളിച്ചവര്‍’ എന്ന പേരില്‍ കുരുക്ഷേത്ര പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരധ്യായം ഈ സംഭവത്തെക്കുറിച്ചായിരുന്നു.
അക്കാലത്ത് മുന്‍പ് പ്രചാരകനായിരുന്ന പ്രൊഫ. വെങ്കിട്ടരമണ ഭട്ട് അവിടെ സ്വഭവനത്തിലുണ്ടായിരുന്നു. കെ. കുഞ്ഞിക്കണ്ണന്‍ കണ്ണൂര്‍ ജില്ലയുടെ ജനസംഘപ്രവര്‍ത്തനം നോക്കി വന്നു. അദ്ദേഹവുമൊത്ത് കാസര്‍കോടിനു വടക്കുള്ള എല്ലാ സ്ഥലങ്ങളിലെയും പീഡിതരെ സന്ദര്‍ശിക്കാന്‍ പോയതോര്‍ക്കുന്നു. വെങ്കിട്ടരമണ ഭട്ട് ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. അദ്ദേഹം പുത്തൂര്‍ എന്ന സ്ഥലത്തായിരുന്നു പിന്നീട് താമസിച്ചത്.
കണ്ണൂര്‍ ജില്ലയിലെ സത്യഗ്രഹത്തിന്റെ ആദ്യ സംഘം ഉദുമയിലെ കൃഷ്ണന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു മുന്നിലാണു നടന്നത്. ഞാന്‍ അന്ന് കുഞ്ഞിക്കണ്ണനുമൊത്ത് ഹോസ്ദുര്‍ഗിലുണ്ടായിരുന്നു. പിറ്റേന്നായപ്പോഴേക്കു അവര്‍ നേരിട്ട പോലീസ് മര്‍ദ്ദനത്തിന്റെ തീവ്രതയും പൈശാചികതയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായി.
രവീന്ദ്രന്‍ കാസര്‍കോട് താലൂക്കില്‍ അടിയന്തരാവസ്ഥക്കാലത്ത് നടമാടിയ പോലീസ് കിരാതത്വത്തെക്കുറിച്ചും അതിനിരയായവരെയും കുറിച്ച് വിശദമായ ഒരു ചരിത്രം തയാറാക്കിയ വിവരം അറിയിക്കാനാണ് എന്നെ വിളിച്ചത്. അത്യുത്തര കേരളത്തിലെ ആ ഭാഗങ്ങളിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെക്കുറിച്ച് മലയാളത്തില്‍ വളരെക്കുറച്ചേ എഴുതപ്പെട്ടിട്ടുള്ളൂവെന്നും, അവരില്‍ അപൂര്‍വം ചിലരൊഴികെ മറ്റെല്ലാവരും തന്നെ അന്തരിച്ചുപോയി എന്നും രവീന്ദ്രന്‍ പറഞ്ഞു.
രവീന്ദ്രന്‍ ഇപ്പോള്‍ അടിയന്തരാവസ്ഥ പീഡിതരുടെ പ്രസ്ഥാനത്തില്‍ സജീവമായി ചുമതലകള്‍ വഹിക്കുന്നുണ്ട്. കോഴിക്കോട് സ്‌പെഷ്യല്‍ സബ്ജയിലില്‍ വിചാരണ തടവുകാരായി കിടക്കുമ്പോള്‍ ഒരവധിക്കു ശേഷം സിജെഎം കോടതിയില്‍നിന്ന് ഞങ്ങളെ ജയിലിലേക്കു കൊണ്ടുപോകാനുള്ള വാഹനമെത്തിയില്ല. നടന്നുപോകാന്‍ ഞങ്ങള്‍ സന്നദ്ധരായെങ്കിലും, അടിയന്തരാവസ്ഥ തടവുകാരെ നടത്തിക്കൊണ്ടുപോയിക്കൂടാ എന്ന നിര്‍ദ്ദേശം. അവരെ ഷഡ്ഗവ്യത്തിലാക്കി. ആറുമണിക്കു മുന്‍പ് ജയിലില്‍ പ്രവേശിക്കണമെന്നതിനാലും കോടതിയില്‍ നിന്ന് പുറത്തുപോകാന്‍ അവരുടെമേല്‍ നിര്‍ബന്ധം വന്നതിനാലും ഞങ്ങളെ വിലങ്ങണിയിച്ച് രണ്ടു കിലോമീറ്ററോളം നടത്തിക്കൊണ്ടുപോയി. എന്നെയും രവീന്ദ്രനെയും ഒരുമിച്ചു ബന്ധിച്ചും, പെരച്ചേട്ടനെ രണ്ടു കയ്യും മുന്നിലായി ബന്ധിച്ചുമായിരുന്നു നടത്തിയത്. ധാരാളം സഹപ്രവര്‍ത്തകരും സ്വയംസേവകരും ഞങ്ങളെ നടത്തിക്കൊണ്ടുപോകുന്നത് ഈറന്‍കണ്ണുകളോടെ നോക്കിനിന്നു.
കാസര്‍കോടു താലൂക്കിലെ സംഘദൃഷ്ടിയില്‍ കേരളത്തിലല്ലാത്ത ഭാഗത്തു ജീവിതം സമര്‍പ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന രവീന്ദ്രന്റെ സംരംഭം അഭിനന്ദനീയമായി എനിക്കു തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: