ലഖ്നൗ: രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള സ്വജനപക്ഷപാതികള്‍ തനിക്കെതിരെ കോപ്പുകൂട്ടുകയാണ്. ജനാധിപത്യവ്യവസ്ഥിതി കൂടുതല്‍ ബലപ്പെടുത്താന്‍ കുടുംബവാഴ്ച മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാണ്പൂറില് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
തനിയ്ക്ക് ആരുമായും വ്യക്തിപരമായ പ്രശ്നങ്ങളില്ല. രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും മോദി വ്യാക്തമാക്കി. രാഷ്ട്രീയരംഗത്ത് മാത്രമല്ല എല്ലാ മേഖലകളിലും സ്വജനപക്ഷപാതം വികസനത്തെ തടസ്സപ്പെടുത്തുന്നുവെന്നും അദേഹം പറഞ്ഞു.
യുപിയില്‍ 1406 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. അഞ്ചു ലക്ഷം പേര്‍ക്ക് നേരിട്ടും 20 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കാന് ഉതകുന്ന 80,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി. ഡേറ്റാ സെന്ററുകള്‍, ഐടി മേഖലയും ഇലക്ട്രോണിക്സ്, ഉല്‍പ്പാദന മേഖലകളും വികസിപ്പിക്കുക, സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ പരിപോഷിപ്പിക്കുക, കൃഷിയും അനുബന്ധ കാര്യങ്ങളും, ഔഷധം, വിനോദസഞ്ചാരം, പ്രതിരോധവും എയ്റോസ്പേസും, കൈത്തറിയും തുണിത്തരങ്ങളും തുടങ്ങി വിവിധ മേഖലകളിലുള്ള പദ്ധതികള്‍ക്കാണു തുടക്കം കുറിച്ചത്. വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ സന്നിഹിതരായി. യുപിയിലെ വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കാന്‍ സന്നദ്ധരായ നിക്ഷേപകര്‍ക്ക് മോദി നന്ദി പറഞ്ഞു. കാശിയുടെ പ്രതിനിധി എന്ന നിലയില്‍, കാശി സന്ദര്‍ശിക്കാന്‍ അദ്ദേഹം വ്യവസായികേളാട് അഭ്യര്‍ഥിച്ചു.
പദ്ധതികള്‍ ഉത്തര്‍പ്രദേശിന്റെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജി20 സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമാണ് ഇന്ത്യ. ആഗോള ചില്ലറവ്യാപാര സൂചികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ, അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പ് ലഖ്നൗവില്‍ 2,000 കോടി രൂപ ചെലവിട്ട് മാള്‍ പണിതിട്ടുണ്ട്. കൂടാതെ, വാരാണസിയിലും പ്രയാഗ് രാജിലും ഓരോ മാളും ഗ്രേറ്റര്‍ നോയിഡയില്‍ ലുലു ഫുഡ് പ്രോസസിങ് ഹബ്ബും നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചു. സമ്മേളനനഗരിയിലെ ലുലു പവലിയന് സന്ദര്‍ശിച്ച മോദിയോട് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പദ്ധതിക്കാര്യം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: