ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണക്കാരെ ഭീകരര്‍ കൊലപ്പെടുത്തുന്നതില്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സൈനിക, രഹസ്യാന്വേഷണ വിഭാഗം മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.
മെയ് മാസത്തിന് ശേഷം ഇതുവരെ ഒന്‍പതു സാധാരണക്കാരെ ഭീകരര്‍ താഴ്വരയില്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.
ഭീകരര്‍ കശ്മീരിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണെന്നും സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും യോഗം വിലയിരുത്തി. കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പു വരുത്തും. ഏകദേശം നാലായിരത്തിലധികം പണ്ഡിറ്റുകള്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി കശ്മീരില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അവരെ വീണ്ടും ഭയപ്പെടുത്തി ഓടിക്കാനാണ് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി.
മുസ്ലിം ഇതര ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരെയും ശ്രീനഗറിലേക്ക് ട്രാന്‍സ്ഫര്‍ നല്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പണ്ഡിറ്റുകളുടെ പുനരധിവാസ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
കശ്മീരിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ 350 കശ്മീരി പണ്ഡിറ്റുകള്‍ ഭീകരാക്രമണങ്ങളില്‍ പ്രതിഷേധിച്ച് ജോലി രാജിവച്ചെങ്കിലും ഭരണകൂടം അതു സ്വീകരിച്ചിട്ടില്ല. അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി ഉത്തരവിറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: