വടക്കാഞ്ചേരി: പഠനാവസരം ചോദിച്ച് പതിമൂന്നുകാരന് വിദ്യാലയത്തിലെത്തി. മുന്നിലുള്ളത് മല പോലെ തടസ്സങ്ങള്‍. ഞാന്മാത്രമിങ്ങനെ നടന്നാല്‍ മതിയോ എനിക്കും പഠിക്കണ്ടേ. ഉച്ചനേരത്ത് സ്കൂളിലെ സ്റ്റാഫ്റൂമില്‍ കയറി വന്ന ഇതരസംസ്ഥാനക്കാരനായ പതിമൂന്നുകാരന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ചോദ്യം കേട്ട് അമ്പലപുരം ദേശവിദ്യാലയം യുപി സ്കൂളിലെ അധ്യാപകരും അമ്പരന്നു.
ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ പഠനം മുടങ്ങിയ ഒഡീഷ ഒഡബ ജില്ല സ്വദേശികളായ ഭഗവാന് – സുസ്മിത ദമ്പതികളുടെ മകന് ശിവയാണ് പഠിക്കണമെന്ന ആഗ്രഹവുമായി സ്കൂളിലെത്തിയത്. അത്താണി പെരിങ്ങണ്ടൂരിനടുത്താണ് ഈ കുടുംബം കഴിയുന്നത്. മൂന്നാം വയസില്‍ കേരളത്തിലെത്തിയ തനിക്ക് പിതാവിന്റെ സുഹൃത്തിന്റെ സഹായത്തോടെ മലപ്പുറം വടക്കുംപുറത്തെ സ്വകാര്യ സ്കൂളില്‍ മൂന്ന് വരെ പഠിക്കാന്‍ കഴിഞ്ഞതായും കുട്ടി പറയുന്നു. ഈ സ്കൂള്‍ പിന്നീട് അടച്ചുപൂട്ടിയതോടെ തന്റെ പഠനം പ്രതിസന്ധിയിലായെന്നും ശിവ പറയുന്നു.
തൃശൂര്‍ അത്താണിയിലെത്തി പഠനം തുടരാന്‍ നിരവധി വിദ്യാലയങ്ങളെ സമീപിച്ചു. എന്നാല്‍ രേഖകളില്ലാത്തതിനാല്‍ സ്കൂളുകളും നിസ്സഹായരായതായി കുട്ടി പറയുന്നു. അതുകൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത മാനസികാവസ്ഥ വീട്ടുകാര്‍ക്കുമുണ്ട്. ഇത് രണ്ടാം തവണയാണ് കുട്ടി തനിച്ച് ദേശവിദ്യാലയത്തിലെത്തുന്നതെന്ന് പ്രധാനാധ്യാപിക സതീദേവി അറിയിച്ചു. ദേശവിദ്യാലയത്തില്‍ ഇതരസംസ്ഥാനക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് . അക്കൂട്ടത്തില്‍ തന്റെ കൂട്ടുകാരുമുണ്ട്. അങ്ങനെയാണ് ഇവിടെ എത്തിയത്.
പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. ഏതു ക്ലാസില്‍ വേണമെങ്കില്‍ പഠിച്ചോളാം. നിഷ്കളങ്കമായ വാക്കുകള്‍ കേട്ടു നിന്നവരുടെയും കണ്ണു നിറച്ചു. കുട്ടിയുടെ ആവശ്യം ന്യായമാണെന്നും എന്നാല്‍ നിയമ തടസ്സങ്ങളാണ് വെല്ലുവിളിയെന്നും വിഷയത്തില്‍ ഉന്നത അധികൃതരുടെ നിര്‍ദ്ദേശം തേടുമെന്നും സ്കൂള്‍ മാനേജര്‍ ടി.എന്‍ ലളിത ടീച്ചര്‍ അറിയിച്ചു. തടസ്സങ്ങള്‍ നീങ്ങി മാതാപിതാക്കള്ക്കൊപ്പമെത്തിയാല് കുട്ടിയുടെ പഠനമുറപ്പാക്കാന്‍ നടപടിയുണ്ടാകുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികളോടൊപ്പം ഉച്ചഭക്ഷണവും നല്‍കിയാണ് അധ്യാപകര്‍ ശിവയെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: