കൊച്ചി : തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം തുടരുന്നു. മൂന്ന് മുന്നണികളും ഏറെ ആവേശത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് ഫലം വലിയ ഭരണമാറ്റങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലും പ്രതിപക്ഷത്തോടുള്ള ജനത്തിന്റെ സമീപനവും കൂടി ഇതില്‍ പ്രതിഫലിക്കും.
രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ 8467 വോട്ടുകള്‍ക്കാണ് ഉമ തോമസ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തായി ഡോ. ജോ ജോസഫ് രണ്ടാമതും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് മൂന്നാം സ്ഥാനത്തുമാണ്. 2021ല്‍ 14329 വോട്ടുകള്‍ക്കാണ് പി.ടി. തോമസ് വിജയിച്ചത്.
കൊച്ചി കോര്പ്പറേഷന് പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളിലെയാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. തുടക്കത്തില്‍ തന്നെ വ്യക്തമായ മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണിയത്
100 തികയ്ക്കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ എല്‍ഡിഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ നൂറ് തികയ്ക്കാന്‍ സാധിക്കില്ലെന്നാണ് തുടക്കത്തില്‍ തന്നെ നല്കുന്ന സൂചന. മണ്ഡലത്തില്‍ പി.ടി. തോമസിനുള്ള സ്വാധീനം വളരെ വലുതാണ്. യുഡിഎഫിന് അനുകൂലമായി നിലനില്‍ക്കുന്ന മണ്ഡലം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ സീറ്റ് നിലനിര്‍ത്തേണ്ടത് യുഡിഎഫിന്റെ ആവശ്യം കൂടിയായിരുന്നു. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് നേതൃമാറ്റത്തിലേക്ക് പോയ കോണ്‍ഗ്രസിനും യുഡിഎഫിനും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ മികച്ച ഭൂരിപക്ഷത്തിലെ വിജയം ആവശ്യമായിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും. ഇത്തവണ മണ്ഡലത്തിലെ ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് പ്രതികരിച്ചു. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: