പാപമുക്തി നല്‍കി പുണ്യം പ്രദാനം ചെയ്യുന്നവയാണ് അര്‍ച്ചനാപുഷ്പങ്ങള്‍. ഗ്രഹദോഷശാന്തിക്ക് വിധിപ്രകാരം പുഷ്പധാരണം നടത്തുന്നത് നല്ലതാണ്. അതാതു ദേവതാ പൂജകള്‍ക്കു ശേഷം വേണം പുഷ്പങ്ങള്‍ ധരിക്കാന്‍. പൂക്കള്‍ ഇറുക്കുന്നതു മുതല്‍ പാലിക്കേണ്ട നിഷ്ഠകളുമുണ്ട്. ദേഹശുദ്ധിയോടെയും ഈശ്വരചിന്തയോടെയും വേണം പൂക്കളിറുക്കാന്‍. ചില നക്ഷത്രങ്ങള്‍, അശുഭകരമായ വാരങ്ങള്‍ ഇവയെല്ലാം മനസ്സിലാക്കി വേണം പൂക്കള്‍ ഇറുത്തെടുക്കാന്‍. പൂജാപുഷ്പങ്ങളോളം പ്രാധാന്യമുള്ളവയാണ് തുളസിയും കൂവളവും. അവയുടെ ഇലകള്‍ ഓരോന്നായി ഇറുത്തെടുക്കരുത്. ഈ ഇലകള്‍ വാടിയാലും അതിന്റെ പവിത്രത നഷ്ടപ്പെടുന്നില്ലെന്നതാണ് പ്രത്യേകത.
പൂജയ്‌ക്ക് പൂക്കളെടുക്കുമ്പോള്‍ ഉപയോഗിക്കരുതാത്തവ ഏതൊക്കെയെന്ന് നോക്കാം. ഒരിക്കല്‍ പൂജിച്ചവ വീണ്ടും പൂജിക്കാനെടുക്കരുത്. വാടിയ പൂക്കള്‍, ഇതള്‍ പൊഴിഞ്ഞത്, പുഴുക്കുത്തുള്ളത് തുടങ്ങിയവയും നിഷിദ്ധമാണ്. ഓരോ ദേവതാ പ്രീതിക്കും ഉപയോഗിക്കുന്ന പൂക്കളിലും വ്യത്യാസമുണ്ട്. അപൂര്‍വം ചില പുഷ്പങ്ങള്‍ മാത്രം എല്ലാ അര്‍ച്ചനകള്‍ക്കും ഉപയോഗിച്ചു വരുന്നു.
രണ്ടു തരം തുളസികള്‍ (കൃഷ്ണ തുളസിയും രാമതുളസിയും), ചുവപ്പും വെളുപ്പും താമരകള്‍, മുല്ലയും പിച്ചിയും, ജമന്തി, ചെമ്പകം, പ്ലാശിന്‍ പൂ, നന്ത്യാര്‍വട്ടം, ചെന്താമര തുടങ്ങിയവ വൈഷ്ണവ പൂജയ്‌ക്ക് ഉപയോഗിക്കുന്നു. കൂവളം, കരിംകൂവളം, ഉമ്മം, എരിക്കിന്‍ പൂ, ഇലഞ്ഞി, വെള്ളത്താമര, അശോകം കരിംകൂവളം, കടലാടി ഇവ ശൈവപൂജകളില്‍ സാധാരണമാണ്. ചെമ്പരത്തി, ചുവന്ന തെച്ചി, ചെന്താമര, കരിം കൂവളപ്പൂ, കാട്ടുമുല്ല, പുന്നപ്പൂ, കൃഷ്ണക്രാന്തി എന്നിവ ശാക്തേയ പൂജയില്‍ സ്ഥാനം പിടിച്ചവയാണ്.
മുല്ല, കൈത പൂവുകള്‍ ശിവന് പൂജചെയ്യാന്‍ എടുക്കരുത്. ഉമ്മത്തിന്‍ പൂ വിഷ്ണുപൂജയ്‌ക്കു പാടില്ല.
ദേവിക്കു പൂജ ചെയ്യുമ്പോള്‍ എരുക്കിന്‍ പൂ ഒരിക്കലും എടുക്കരുത്. ഗണപതി ഭഗവാന് തുളസിയും നിഷിദ്ധമാണ്.
ഓരോ ഗ്രഹങ്ങള്‍ക്കും ചേരുന്ന പൂക്കളേതെന്നും അറിഞ്ഞിരിക്കണം. സൂര്യന് ചുവന്ന പൂക്കള്‍. പ്രത്യേകിച്ചും ചെന്താമര, ചെമ്പരത്തി, ചുവന്നതെച്ചി തുടങ്ങിയവ. വെളുത്ത പുഷ്പങ്ങളായ നന്ത്യാര്‍വട്ടം, മുല്ല, വെള്ളത്താമര തുടങ്ങിയ വെളുത്ത പൂക്കളാണ് ചന്ദ്രന് പ്രിയങ്കരം. ചെമ്പരത്തി, തെച്ചി തുടങ്ങിയ ചുവന്ന പൂക്കള്‍ കുജന്‍, കേതു ഗ്രഹങ്ങള്‍ക്കും തുളസി പോലുള്ള പച്ചനിറം കലര്‍ന്നവ ബുധനും അരളി, മന്ദാരം, രാജമല്ലി എന്നിവയുടെ മഞ്ഞനിറത്തിലുള്ള വകഭേദങ്ങള്‍ വ്യാഴത്തിനും നന്ത്യാര്‍വട്ടം, വെള്ളത്താമര, മുല്ല എന്നിങ്ങനെയുള്ള വെളുത്ത പുഷ്പങ്ങള്‍ ശുക്രനും, നീല ശംഖുപുഷ്പം, കരിങ്കൂവളത്തില തുടങ്ങി ഇരുണ്ട നിറമാര്‍ന്നവ ശനിക്കും രാഹുവിനും പ്രീതികരമത്രേ.
അര്‍ച്ചനാ പുഷ്പങ്ങളില്‍ ദശപുഷ്പങ്ങള്‍ക്കുമുണ്ട് തനതായൊരു സ്ഥാനം. കറുക, കൃഷ്ണ ക്രാന്തി, പൂവാം കുരുന്നില, നിലപ്പന, കയ്യുണ്ണി, മുക്കുറ്റി, തിരുതാളി, ഉഴിഞ്ഞ, ചെറൂള, മുയല്‍ച്ചെവിയന്‍ എന്നിവയാണ് ദശപുഷ്പങ്ങളായി അറിയപ്പെടുന്നത്. ഇവ വീട്ടുമുറ്റത്ത് നട്ടു വളര്‍ത്തി പരിപാലിക്കുന്നത് അതിവിശിഷ്ടമാണ്.
മിഥുന സംക്രമനാളില്‍ നടുന്നതാണ് ഉത്തമം. ദശപുഷ്പങ്ങളില്‍ ഓരോന്നിനും അതാതു ദേവതകളുമായി ബന്ധമുണ്ട്. ഇവയ്‌ക്ക് ഓരോന്നിനും ഔഷധഗുണങ്ങളും ഏറെയാണ്. ധനുമാസത്തിലെ തിരുവാതിരയ്‌ക്ക് സ്ത്രീകള്‍ പാതിരാപ്പൂ ചൂടുന്നത് ദശപുഷ്പങ്ങളാണ്.
വടക്കന്‍ കേരളത്തില്‍ കര്‍ക്കടമാസത്തില്‍ ശ്രീഭഗവതിയെ വീട്ടിലേക്ക് ആനയിക്കുന്നതിന് 41 ദിവസം, ഉമ്മറത്ത് പലകയും അതിനു മീതെ വെള്ളം നിറച്ച ഓട്ടു കിണ്ടിയും വച്ച് ദശപുഷ്പങ്ങളാല്‍ അലങ്കരിക്കുന്ന പതിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: