കൊൽക്കത്ത: നെഞ്ചില്‍ അസ്വസ്ഥതയുണ്ടായ ഉടന്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റിസസറ്റേഷന്‍- ആശുപത്രി ചികിത്സ കിട്ടുംമുമ്പ് കൃത്രിമശ്വാസം നല്‍കി തലച്ചോറിനെ സജീവമാക്കി നിര്‍ത്തുന്ന സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന പ്രക്രിയ) ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ. കെ.കെ കുഴഞ്ഞുവീണ ഉടന്‍ തന്നെ സിപിആര്‍ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
പിടി ഐ എന്ന വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ സ്വകാര്യ അഭിമുഖത്തിലാണ് ഡോക്ടറുടെ ഈ വെളിപ്പെടുത്തല്‍. കെ.കെയ്‌ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ ഉടൻ തന്നെ സി.പി.ആർ നൽകിയിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
കെ.കെയുടെ ഹൃദയത്തിൽ നിരവധി ബ്ലോക്കുകളുണ്ടായിരുന്നുവെങ്കിലും എന്നാല്‍ അതിന് ഇന്നു വരെ ചികിത്സയ്‌ക്ക് വിധേയനായിട്ടില്ല. പ്രധാന ബ്ലോക്ക് ഇടത്തേ രക്തവാഹിനിക്കാണ്. മറ്റ് രക്തവാഹിനികളിലും ഉപരക്തധമിനികളിലും നിരവധി ചെറിയ ചെറിയ ബ്ലോക്കുകളുണ്ടായിരുന്നു. ഏറെ നാളായി ഹൃദ്രോഗബാധിതനായിരുന്നു. അതേസമയം, ഹൃദയസ്തംഭനമാണ് ഗായകന്റെ മരണകാരണമെന്നും ഡോക്ടര്‍ പറയുന്നു. ഇത് തന്നെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.
എന്താണ് സിപിആര്‍?
വലതുകൈപ്പത്തി മയങ്ങിക്കിടക്കുന്ന ആളുടെ നെഞ്ചിന്റെ നടുവില്‍ കമഴ്‌ത്തി വയ്‌ക്കുക. ഇതിനു മുകളില്‍ ഇടതു കൈ വിരലുകള്‍ വലതു കൈവിരലുകളില്‍ പിണച്ചു വച്ച് അമര്‍ത്തിക്കൊടുക്കുക. ഇങ്ങനെ അമര്‍ത്തുന്നത് 30ളം തവണ നല്‍കുക. ഇതിലൂടെ ആളുകള്‍ തിരികെ വരാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ അമര്‍ത്തുമ്പോള്‍ തീരെ പതുക്കെയും എന്നാല്‍ കൂടുതല്‍ ബലത്തോടെയുമാകരുത്. കൂടുതല്‍ ബലം പ്രയോഗിച്ചാല്‍ വാരിയെല്ലുകള്‍ക്കു വരെ അപകടം വരാം.
ഇത് 30 തവണ ചെയ്ത ശേഷം ഇദ്ദേഹത്തിന്റെ ശ്വസനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്‌ക്കണം. സ്വയം ശ്വസിച്ചില്ലെങ്കില്‍ വായക്കു ചുറ്റും കര്‍ച്ചീഫോ മറ്റോ വച്ച് ഉള്ളിലേയ്‌ക്ക് ഊതിക്കൊടുക്കുക. അതായത് കൃത്രിമ ശ്വാസം നല്‍കുക. ഇത് രണ്ടു തവണ ചെയ്ത ശേഷം വീണ്ടും നെഞ്ചില്‍ അമര്‍ത്തുക. ഇതിലൂടെ അത്ര കഠിനമല്ലാത്ത പ്രശ്‌നമെങ്കില്‍ ആള്‍ തിരികെ വരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇതിനു ശേഷം എത്രയും പെട്ടെന്ന് ആളെ ആശുപത്രിയില്‍ എത്തിയ്‌ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: