കൊച്ചി: തങ്ങളുടെ ശമ്പളം ലഭിക്കുന്നതുവരെ ഓഫീസര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ശമ്പളം തടയണമെന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ വിശദീകരണം കേട്ടശേഷം ആവശ്യമെങ്കില്‍ അത്തരമൊരുത്തരവു നല്കാന് മടിക്കില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. ശമ്പളം വൈകുന്നതു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ജീവനക്കാരന് ആര്. ബാജിയടക്കം മൂന്നു പേര് നല്കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
എന്തു ന്യായം പറഞ്ഞാലും ജീവനക്കാരുടെ ദുര്‍ഗതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കൃത്യ സമയത്തു ശമ്പളം നല്‍കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശമ്പളം കുടിശ്ശികയാണെന്ന പരാതി ഗൗരവമുള്ളതാണ്. ഈ പ്രശ്നങ്ങള്‍ക്ക് ഓഫീസര്‍മാര്‍ ഫലപ്രദമായും സന്ദര്‍ഭോചിതമായും പരിഹാരം കാണണം. കെഎസ്ആര്‍ടിസി പറയുന്ന ഒഴികഴിവു വിശ്വസിച്ചിരിക്കാന്‍ കോടതിക്ക് കഴിയില്ല. കാര്യക്ഷമതയിലേക്ക് എങ്ങനെയെത്താന്‍ കഴിയുമെന്ന് വിശദീകരിക്കണം. എളുപ്പമല്ലെങ്കില്‍ പോലും നിലനില്‍പ്പിന് ഇതനിവാര്യമാണ്, ഹൈക്കോടതി പറഞ്ഞു.
ഓഫീസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വായ്പാത്തുക തിരിച്ചടവിനാണ് മുന്‍ഗണനയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. കമ്പനി നേരിടുന്ന ബാധ്യതകളും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് പ്രതിസന്ധികളും വിശദീകരിച്ചു. മാത്രമല്ല, പൊതുതാത്പര്യത്തിലാണ് സര്‍വീസ് നടത്തുന്നതെന്നും ലാഭം മുഖ്യലക്ഷ്യമല്ലെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന് വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക് ലാഭമില്ലെങ്കില്‍ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഇടപെടേണ്ടി വരുമെന്നതിനാല്‍ സര്‍ക്കാര്‍ ഇതിനു മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെയും സര്‍ക്കാരിന്റെയും വിശദീകരണത്തിനായി ഹര്‍ജി ഈ മാസം എട്ടിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: