മാവേലിക്കര: ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം മുടങ്ങിയിട്ട് രണ്ടു മാസം. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ഓണറേറിയവും ഏപ്രില്‍ മാസത്തെ ഇന്‍സെന്റീവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മാസത്തെ ശമ്പളം തന്നെ മെയ് മാസം അവസാനമാണ് വിതരണം ചെയ്തത്. പ്രത്യേകമായി നിയോഗിക്കുന്ന ജോലികള്‍ക്കുള്ള തുച്ഛമായ ഇന്‍സെന്റീവ് ഒഴികെ മറ്റൊരു ആനുകൂല്യങ്ങളും ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നില്ല.
വീടുകള്‍ കയറിയിറങ്ങി സര്‍ക്കാരിന്റെ പൊതുജനാരോഗ്യ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം, വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്ന് എത്തിക്കുക, വിവരശേഖരണം, ആശുപത്രികളിലെ പ്രത്യേക ഡ്യൂട്ടി തുടങ്ങി പൊതുജനാരോഗ്യ സുരക്ഷയ്‌ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ ദുരവസ്ഥ. നിലവില്‍ ഒരു വാര്‍ഡിന് ഒരു ആശാവര്‍ക്കര്‍ എന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പ്രതിമാസം 6000 രൂപ ഓണറേറിയവും കോവിഡ് പരിചരണം പോലെയുള്ള പ്രത്യേക ജോലികള്‍ക്ക് 2000 രൂപയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ആരോഗ്യ മിഷന്‍ വഴിയാണ് ശമ്പളവും അലവന്‍സുകളും വിതരണം ചെയ്യുന്നതെങ്കിലും സര്‍ക്കാര്‍ ഫണ്ടനുവദിക്കാത്തതുമൂലം ഹെല്‍ത്ത് മിഷനും ഇക്കാര്യത്തില്‍ നിസ്സഹായാവസ്ഥയിലാണ്. ഗവ: ആശുപത്രികളിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ മാസാമാസമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ശമ്പളവും അലവന്‍സുകളും അനുവദിച്ചു നല്‍കാറുള്ളത്.
ഇതിനിടെ ശമ്പളവും അലവന്‍സുകളും നല്‍കുന്നതിന് അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചെയ്യുന്ന ജോലിക്കനുസരിച്ചു മാത്രമെ ഇനി മുതല്‍ ശമ്പളം പാസാക്കി നല്‍കുകയുള്ളുവെന്നതാണ് പുതിയ നിബന്ധന. മുട്ടുന്യായങ്ങള്‍ പറഞ്ഞ് അശാ വര്‍ക്കര്‍മാരുടെ ശമ്പളം തടഞ്ഞുവെക്കുവാനുള്ള കുറുക്കുവഴിയാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: