മധ്യപ്രദേശിലെ സത്നയ്ക്കടുള്ള പുരാണപ്രസിദ്ധമായ ഭൂപ്രദേശമാണ് ചിത്രകൂടം. അവിടെ രാമകഥാസ്പര്ശിയായൊരു ശിലയുണ്ട്. സ്ഫടികശില. ചിത്രകൂടത്തിലെത്തുന്ന തീര്‍ഥാടകര്‍ ഇവിടെ സന്ദര്‍ശിക്കാതെ മടങ്ങാറില്ല.
വനവാസത്തില്‍ നല്ലൊരു പങ്കും രാമനും സീതയും ലക്ഷ്മണനും കഴിച്ചുകൂട്ടിയത് ചിത്രകൂടത്തിലായിരുന്നു. ശ്രീരാമന്റെയും സീതയുടെയും കാല്പാടുകള് പതിഞ്ഞ ശിലയാണ് ചിത്രകൂടത്തിലെ സ്ഫടികശില. മന്ദാകിനി നദിക്കരയില്‍ ജാനകീകുണ്ഡിന് അരികെ വനത്തിലാണ് വെളുത്ത നിറത്തില്‍ സ്ഫടിക സമാനമായുള്ള ഈ ശിലയുള്ളത്.
കാക്കയ്ക്ക് കോങ്കണ്ണു കിട്ടിയതെങ്ങനെ എന്ന രസകരമായൊരു കഥ സ്ഫടികശിലയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. ഒരിക്കല്‍, സീതാദേവി സ്ഫടികശിലയിലിരുന്ന് തൊട്ടരികെയൊഴുകുന്ന മന്ദാകിനി നദിയുടെ മനോഹാരിത ആസ്വദിക്കുകയായിരുന്നു. ആ സമയത്ത് ഇന്ദ്ര പുത്രനായ ജയന്തന് കാക്കയുടെ രൂപത്തില്‍ അവിടെയെത്തി. വേഷംമാറി, കാക്കയായെത്തി മനുഷ്യരെ ശല്യം ചെയ്യുന്നത് ജയന്തന്റെ പതിവായിരുന്നു. സ്വയംമറന്ന് കാഴ്ചകളില്‍ മുഴുകിയിരിക്കുകയായിരുന്ന സീതാദേവിയുടെ കാലില്‍ ജയന്തന് കൊത്തി നോവിച്ചു. ദേവിയുടെ കാലില്‍ നിന്ന് രക്തമൊഴുകാന് തുടങ്ങി. ഇതു കണ്ട് രോഷാകുലനായ ഭഗവാന് ശ്രീരാമന്, ജയന്തനെ വധിക്കാനായി ബാണമയച്ചു. ഭയന്നു വിറച്ച ജയന്തന് പ്രാണരക്ഷാര്‍ത്ഥം മൂന്നു ലോകങ്ങളികലും അഭയം തേടിയലഞ്ഞു. പക്ഷെ എവിടെയും അഭയം കിട്ടിയില്ല. ഒടുവില്‍ സ്ഫടികശിലയില്‍ തിരികെയെത്തി സീതാദേവിയുടെ ചരണങ്ങളില്‍ വീണ് ക്ഷമ യാചിച്ചു.
ദേവി ജയന്തന്റെ അപരാധങ്ങള്‍ പൊറുത്തെങ്കിലും രാമബാണത്തിന് അതിന്റെ ദൗത്യത്തില്‍ നിന്ന് പിന്മാറുക വയ്യല്ലോ. ജീവനെടുത്തില്ലെങ്കിലും അത് കാക്കയുടെ രൂപത്തിലിരുന്ന ജയന്തന്റെ കണ്ണില്‍ പതിച്ചു. പക്ഷേ മാരകമായ പരിക്കുകളേറ്റില്ല. എങ്കിലും ഒരു കണ്ണിന് കാഴ്ച കുറഞ്ഞു. കാക്കകളുടെ പരമ്പര പിന്നീട് ഒരു കണ്ണില്‍ പേരിനു മാത്രം കാഴ്ചയുള്ളവരായി മാറിയത് അങ്ങനെയത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: