ന്യൂദല്‍ഹി: മത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ്. പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം മിനുക്കല്‍ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളല്‍ നിന്നുള്ള ഫണ്ടുകള്‍ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി ഫണ്ട് സ്വരൂപിക്കുന്നതിനായി ചിട്ടയായതും സംഘടിതവുമായ പ്രവര്‍ത്തനമാണ് പിഎഫ്‌ഐ നടത്തുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഈ വരുമാനം രഹസ്യമായി ഇന്ത്യയിലേക്ക് അധോലോക, നിയമവിരുദ്ധ മാര്‍ഗങ്ങള്‍ വഴി അയച്ചതായും ഇഡിയുടെ അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുള്ള അനുഭാവികള്‍, ഭാരവാഹികള്‍, അംഗങ്ങള്‍, അവരുടെ ബന്ധുക്കള്‍, സഹകാരികള്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ആദ്യം പണമെത്തുന്നത്. പിന്നീട് ഈ തുക പിഎഫ്‌ഐ, ആര്‍ഐഎഫ്, മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റം ചെയ്യുമെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ 23 ബാങ്ക് അക്കൗണ്ടുകളാണ് ഇഡി അറ്റാച്ച് ചെയ്തത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ (ആര്‍ഐഎഫ്) 10 ബാങ്ക് അക്കൗണ്ടുകളും 59 ലക്ഷം രൂപയും ഇഡി മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം പിഎഫ്‌ഐയുടെ 68,62,081 രൂപയാണ് ആകെ ഇഡി അറ്റാച്ച് ചെയ്തത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം എം.കെ അഷറഫിനേയും മലപ്പുറത്തെ ഡിവിഷണല്‍ പ്രസിഡന്റായ പീടികയില്‍ അബ്ദുള്‍ റസാഖിന്റെനേയും നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വന്‍ തോതില്‍ കള്ളപ്പണം കേരളത്തിലെ അക്കൗണ്ടുകളിലേക്ക് ഒഴുക്കിയെന്നാണ് ഇഡി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: