കൊല്ലം: ‘….സര്, ഇത് എന്റെ വ്യക്തിപരമായ സന്തോഷം കൂടിയാണ്. അങ്ങയെ ആദരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്ലാദമുണ്ട്. അങ്ങേക്ക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു, ഹൃദയപൂര്‍വം…’ മെട്രോമാന് ഇ. ശ്രീധരന് വീരശ്രീ വേലുത്തമ്പിദളവ സേവാസമിതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രീ വേലുത്തമ്പി പുരസ്കാരം സമ്മാനിക്കുന്ന വേളയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന് പറഞ്ഞ വാക്കുകളാണിത്. ഇരുവരും തമ്മിലുള്ള ആദ്യസമാഗമത്തിന് കൂടിയാണ് യോഗവേദിയായ തേവള്ളി രാമവര്‍മ ക്ലബ് ഹാള്‍ സാക്ഷിയായത്.
വെള്ളമുണ്ടും വെള്ള ജുബയുമണിഞ്ഞ് കേരളീയ ശൈലിയില്‍ യോഗത്തിനെത്തിയ ഗവര്‍ണര്‍ എല്ലാവര്ക്കും വന്ദനം പറഞ്ഞുകൊണ്ട് തന്റെ പ്രസംഗത്തിന്റെ ആദ്യഭാഗം മുഴുവന്‍ മലയാളത്തിലാക്കി. ഭാരതത്തിന്റെ സംസ്കാരത്തില്‍ അടിയുറച്ചുനിന്ന് ഒരു രാജ്യസ്നേഹി എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിന് ഉത്തമമായ ഉദാഹരണമാണ് ഇ. ശ്രീധരനെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ചെയ്യുന്ന കാര്യങ്ങള്‍ ഏറ്റവും ഭംഗിയായും ആത്മാര്‍ത്ഥമായും ചെയ്യണമെന്ന ഉപനിഷദ് വാക്യവും ചെയ്യുന്ന കാര്യങ്ങള്‍ ഈശ്വരന് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.
മഴയായി പെയ്യുന്ന ഓരോ ജലകണവും ആത്യന്തികമായി സമുദ്രത്തില്‍ ചെന്നുചേരുന്നത് പോലെയാണ് ഭാരതത്തിന്റെ സംസ്കാരം. ഇതുതന്നെയാണ് മറ്റ് നാഗരികതകളെല്ലാം നശിച്ചുപോയിട്ടും ഭാരതത്തിന്റെ സംസ്കൃതിക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ നിര്‍ത്തുന്നതും. നിരന്തരം അറിവുകള്‍ സമ്പാദിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യണമെന്നാണ് ഇ. ശ്രീധരന്റെ ജീവിതം നല്കുന്ന സന്ദേശമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അടുത്ത രാഷ്ട്രപതിയാകാന്‍ സാധ്യത തനിക്കുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ ഡോ. ഇ.ചന്ദ്രശേഖരക്കുറുപ്പ് സൂചിപ്പിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെയാണ് ഗവര്‍ണര്‍ അതിനെ വരവേറ്റത്. ആറര പതിറ്റാണ്ടിന്റെ കര്‍മകാണ്ഡം ജീവചരിത്രമായി ഇ. ശ്രീധരന് സമൂഹത്തിന് നല്‍കണമെന്ന് വിജ്ഞാന് ഭാരതി മുന്‍ സെക്രട്ടറി ജനറലും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ എ. ജയകുമാര്‍ അഭ്യര്‍ഥിച്ചു. പരിസ്ഥിതി പ്രവര്ത്തകന് മഞ്ഞപ്പാറ സുരേഷ്, ട്രസ്റ്റ് ഭാരവാഹികളായ എസ്.കെ. ദീപു, വിജയമോഹനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: