ഉദുമ: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ പാഠപുസ്തകവിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.ഏപ്രില്‍ രണ്ടാം വാരം മുതല്‍ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങിയിരുന്നെങ്കിലും സ്‌കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം കാസർകോട് ജില്ലയില്‍ 74 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്.
ഒന്നാം ഘട്ടത്തില 14,26,532 പുസ്തകങ്ങളാണ് ജില്ലയ്‌ക്ക് വേണ്ടത്. 13,49,155 എണ്ണമാണ് എത്തിയത്. പത്തരലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിലെ വിദ്യാര്‍ഥികളുടെ കണക്കനുസരിച്ച് ഇനി കിട്ടാനുള്ളത് 77,377 പാഠപുസ്തകങ്ങള്‍. അതും അധികം വൈകാതെ കിട്ടുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി.പുഷ്പ പറഞ്ഞു. ഭാഷാപുസ്തകങ്ങളാണ് വരാനുള്ളത്. കന്നഡ പാഠപുസ്തകങ്ങളാണ് ഇതിലേറെയും. സ്‌കൂള്‍ അധികൃതര്‍ കൃത്യമായ കണക്ക് സൊസൈറ്റിക്കു നല്‍കാത്തത് ആവശ്യത്തിനു സ്‌റ്റോക്കെത്തിക്കുന്നതിനെ ബാധിക്കുന്നുണ്ടെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പറയുന്നു.
വെള്ളിക്കോത്ത് ഗവ.സ്‌കൂള്‍ കെട്ടിടത്തിലാണ് ജില്ലാതല പാഠപുസ്തക വിതരണകേന്ദ്രം. പുസ്തകങ്ങള്‍ വേര്‍തിരിക്കുന്നതും അതതു ഇടങ്ങളില്‍ എത്തിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഒന്നിലേറെ സ്‌കൂളുകള്‍ ചേര്‍ന്നുള്ള സൊസൈറ്റിക്കാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുക. ജില്ലയില്‍ 137 സൊസൈറ്റികളാണുള്ളത്. ഇവിടെ നിന്ന് സ്‌കൂള്‍ അധികൃതര്‍ അവര്‍ക്കു വേണ്ട പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ പാഠപുസ്തകം സൗജന്യമാണ്. 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പണം നല്‍കണം. ഈ രണ്ടു ക്ലാസുകളിലെ പുസ്തകവിതരണം സ്‌കൂളുകളില്‍ തുടങ്ങി. മറ്റു ക്ലാസുകളിലേത് സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒന്നും രണ്ടും ക്ലാസുകളില്‍ മൂന്നു വോളിയങ്ങളിലായാണ് പാഠപുസ്തകം അച്ചടിക്കുന്നത്. രണ്ടാം ഘട്ട വിതരണം ഓണക്കാലത്ത് നടക്കും. പല സ്‌കൂളുകാരും സൊസൈറ്റിയിലെത്തി പുസ്തകങ്ങള്‍ ഏറ്റുവാങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: