ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില് സുഗന്ധപൂരിതമായ ലാവന്‍ഡര്‍ വിപ്ലവം. സ്വാശ്രയ സംരംഭ മുന്നേറ്റങ്ങളുടെ പദ്ധതിയില്‍ കൈകോര്‍ത്ത് ജമ്മു കശ്മീരിലെ ഇരുപതോളം ജില്ലകളിലാണ് പടിഞ്ഞാറന്‍ സുഗന്ധപുഷ്പത്തിന്റെ പൂക്കാലം വിരിഞ്ഞത്. ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലിന്റെയും വാര്‍ത്തകളിലിടം പിടിച്ചിരുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ ലാവന്‍ഡര്‍ സമൃദ്ധിയുടെ സുഗന്ധം പൊഴിക്കുന്നത്.
ചോരയുടെ മണം കിനിഞ്ഞിരുന്ന കത്വ, ഉധംപൂര്‍, ദോഡ, റംബാന്‍, കിഷ്ത്വാര്‍, രജൗലി, ശ്രീനഗര്‍, പുല്‍വാമ, കുപ്വാര, ബന്ദിപോറ, ബുദ്ഗാം, ഗന്ദര്‍ബാല്‍, അനന്തനാഗ്, കുല്‍ഗാം, ബരാമുള്ള എന്നീ ജില്ലകളിലാണ് ലാവന്‍ഡര്‍ കൃഷി മികച്ച മുന്നേറ്റമുണ്ടാക്കിയത്. കര്‍ഷകര്‍ പര്‍പ്പിള്‍ വസന്തത്തിന്റെ ലഹരിയിലാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് കശ്മീരില്‍ തരംഗമായ ‘പര്‍പ്പിള്‍ റെവല്യൂഷന്റെ’ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. അമേരിക്ക, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ പര്‍പ്പിള്‍ റെവല്യൂഷന്റെ ഗുണഭോക്താക്കളാണ്.
സുഗന്ധ സസ്യങ്ങളുടെ കൃഷി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലത്തിന് കീഴില്‍ കൗണ്‍സില്‍ ഓഫ് സയിന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ(സിഎസ്ഐആര്‍) അരോമ മിഷന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളുടെ ഭാഗമാണ് അരോമ ദൗത്യവും. കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം നേടാനും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉയര്‍ന്ന മൂല്യമുള്ള ലാവന്‍ഡര്‍ തൈകള്‍ ജമ്മു കശ്മീരിലെ ലാബുകളില്‍ എത്തിച്ച്് പരിശോധന നടത്തിയതിന് ശേഷമാണ് കൃഷി ചെയ്യാനാരംഭിച്ചത്.
അരോമ മിഷന്റെ ഭാഗമായി ആദ്യമായി ലാവന്‍ഡര്‍ കൃഷിയിലേക്ക് ഇറങ്ങുന്നവര്‍ക്ക് സൗജന്യമായും തുടര്‍ന്ന് കൃഷിചെയ്യുന്നവര്‍ക്ക് ഒരു തൈക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ നിരക്കിലും തൈകള്‍ ലഭിക്കും. കൃഷിയില്‍ ലാഭം ഉണ്ടായതോടെ കൂടുതല്‍ കര്‍ഷകര്‍ പര്‍പ്പിള്‍ റെവല്യൂഷന്റെ ഭാഗമായി. ഏകദേശം 6000 ഹെക്ടറില്‍ ലാവന്‍ഡര്‍ കൃഷി നടക്കുന്നുണ്ട്. ഇതിലൂടെ രണ്ട് വര്‍ഷത്തിനിടയില്‍ 10 മുതല്‍ 12 ലക്ഷം വരെയുള്ള ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക്കാനും 60 കോടി രൂപ വില വരുന്ന 500 ടണ്‍ ലാവന്‍ഡര്‍ എണ്ണ നിര്‍മിക്കാനും സാധിച്ചു.
ഒരു കിലോ ലാവന്‍ഡര്‍ പൂവിന് 10,000 രൂപയാണ് വിപണി വില. അരോമ മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വര്‍ധിപ്പിക്കാനും കൂടുതല്‍ കര്‍ഷകരെ ലാവന്‍ഡര്‍ കൃഷിയിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് ശ്രമം. ഇപ്പോള്‍ 44,000 പേര് ലാവന്‍ഡര്‍ കൃഷിയില്‍ പരിശീലനം നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: