കുടമാളൂര്‍ രാധാകൃഷ്ണന്
ഗാന്ധിനഗര്‍: ആത്മസംതൃപ്തിയോടെയാണ് സാംക്രമിക രോഗ വിഭാഗം മേധാവി ഡോ.ആര് സജിത്ത്കുമാര്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിക്കുന്നത്. 45 വര്‍ഷത്തെ ആത്മബന്ധമാണ് അദ്ദേഹത്തിന് കോട്ടയം മെഡിക്കല്‍ കോളജുമായിട്ടുള്ളത്.
1977 ല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിട്ടാണ് ഇവിടെ എത്തുന്നത്. പഠനത്തിനു ശേഷം ഇവിടെ തന്നെ സേവനം ആരംഭിക്കുകയും ചെയ്തു. ബിരുദാനന്തര ബിരുദത്തിനു പുറമെ എയ്ഡ്സ് രോഗത്തില്‍ പിഎച്ച്ഡിയും നേടി.2002-ല്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയായി ചുമതലയേറ്റു 2011-ല്‍ പ്രൊഫസര്‍ ആയി നിയമിതനായി. സങ്കീര്‍ണ്ണങ്ങളായ നിരവധി പകര്‍ച്ചവ്യാധികള്‍ക്കെതിരെയാണ് അദ്ദേഹം ഇക്കാലയളവില്‍ പടവെട്ടിയത്.
90 കാലഘട്ടങ്ങളില്‍ പടര്‍ന്നു പിടിച്ച എയ്ഡ്സ് രോഗമായിരുന്നു അതിലൊന്ന്. 98വരെ കൃത്യമായ ചികിത്സ ഈ രോഗത്തിന് ഉണ്ടായിരുന്നില്ല. രോഗികളെ കാണുവാന്‍ അടുത്ത ബന്ധുക്കള്‍ പോലും മടിച്ചിരുന്ന കാലം. സമൂഹം അങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തിയിരുന്നു. ഈ രോഗം പിടിപെട്ട് നിരവധി രോഗികള്‍ മരിച്ചുവീഴുന്നത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. വളരെയേറെ വെല്ലുവിളി നേരിടേണ്ടി വന്ന കാലമായിരുന്നു അതെന്ന് ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു. പിന്നീട് 90-92 കാലഘട്ടത്തില്‍ എയ്ഡ്സ് ട്രെയിനിംഗ് സ്കീം നടപ്പിലാക്കി. 97 മുതല്‍ ചികിത്സ വ്യാപകമാകുകയും ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കുവാനും കഴിഞ്ഞിട്ടുണ്ട്.
കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ സാക്ഷരതയില്‍ എത്തിക്കുവാനുള്ള ക്യാമ്പയിനില്‍ അന്നത്തെ ജില്ലാ കലക്ടര്‍ അല്‍ഫോന്‍സ് കണ്ണന്താനവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2002-ല്‍ വന്ന ചിക്കന്‍ ഗുനിയ എന്ന രോഗവും ഏറെ സങ്കീര്‍ണ്ണമായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒട്ടുമിക്ക കുടുംബങ്ങളും ഈ രോഗത്തിനടിമയായി. ഇതെക്കുറിച്ചുള്ള പഠന ഗവേഷണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പുസ്തകം ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചു. പിന്നീട് വന്ന നിപ്പ എന്ന പകര്‍ച്ചവ്യാധി കോട്ടയത്തെ കാര്യമായി ബാധിച്ചില്ല. 2020ല്‍ കൊവിഡ് മഹാമാരിയെ നേരിട്ടതിന് കോട്ടയം മെഡിക്കല്‍ കോളേജ് ലോക ശ്രദ്ധയെ ആകര്‍ഷിച്ചു. വൃദ്ധ ദമ്പതികളെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിഞ്ഞതാണ് ഇതിനു കാരണം. വിവിധ സാംക്രമിക രോഗങ്ങള്‍ സംബന്ധിച്ച് സംസ്ഥാന, ദേശീയ, അന്തര്‍ദ്ദേശീയ സമിതികളിലും ദ്രുത കര്‍മ്മ സേനയിലും ഡോക്ടര്‍ സജീവമായിരുന്നു. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് എംബിബിഎസ്, എംഡി സ്പെഷലൈസേഷന് തലത്തില്‍ മികവില്‍ അധിഷ്ഠിതമായ മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കുന്നതിനും ഇന്ത്യയൊട്ടാകെയുള്ള മെഡിക്കല്‍ അദ്ധ്യാപകരെ പ്രാപ്തതരാക്കുന്നതിനുമുള്ള പരിശീലന പരിപാടികളില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ഡോക്ടര്‍ക്കു കഴിഞ്ഞു. രാജ്യത്തെ 10 പ്രമുഖ പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായി കോട്ടയം മെഡിക്കല്‍ കോളേജിലെ നോഡല്‍ സെന്ററിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി, എസ്ആര്‍എംയൂണിവേഴ്സിറ്റി ചെന്നൈ, കെ എല്‍ ഇ യൂണിവേഴ്സിറ്റി ബലഗാവി, ഡിഎം യൂണിവേഴ്സിറ്റി വര്‍ദ്ധ എന്നിവയുടെ വിവിധ ഉപദേശക സമിതികളില്‍ അംഗമായ ഡോ.സജിത്ത് കുമാര്‍ ഇന്ത്യയിലും വിദേശങ്ങളിലുമുള്ള 500 ഓളം കോണ്‍ഫറന്‍സ് കോളുകളില്‍ പങ്കെടുക്കുകയും, ക്ലാസ്സുകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. ഐസിഎംആര്‍, ഡബ്ളുഎച്ച്ഒ, എഐഐഎംഎസ്, എന്‍ഐസിഡി, എം സിഐഎന്‍എംസി എന്നീ പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിച്ചു. ഔദ്യോഗിക കാര്യങ്ങള്‍ക്കായി 30 വിദേശ രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമായ ഡിഎം കോഴ്സ് ആരംഭിച്ചത് ചരിത്ര സംഭവമാണ്. കോട്ടയം മെഡിക്കല്‍ കോളേജിന് അനുമതി ലഭിച്ച പകര്‍ച്ചവ്യാധി ഇന്‍സ്റ്റിട്യൂട്ട് ഇദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയാണ്. ഇങ്ങനെ മെഡിക്കല്‍ രംഗത്ത് നിരവധി സംഭാവനകള്‍ ചെയ്ത പ്രതിഭാശാലിയായ ഡോക്ടര്‍ ആര് സജിത്ത്കുമാര്‍ ഏറെ ആത്മസംതൃപ്തിയോടെയാണ് ഇന്ന് സേവനത്തില്‍ നിന്ന് വിരമിക്കുന്നത്.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ മറ്റു ജീവനക്കാര്‍ എന്നിവരുടെയെല്ലാം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഇന്നത്തെ നിലയില്‍ എത്തിയതെന്ന് ഡോക്ടര്‍ പറഞ്ഞു. കുടമാളൂര്‍ ചന്ദ്രത്തില് വീട്ടില്‍ പരേതനായ രാധാകൃഷ്ണന് നായരുടെയും പ്രസന്നകുമാരിയുടെയും മൂത്ത പുത്രനാണ്. ഭാര്യ ഡോ.മിനി കോട്ടയം ജില്ലാ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തിലും മക്കള്‍ ഡോ.മാലതി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും, ഡോ. അശ്വതി കോട്ടയം മെഡിക്കല്‍ കോളേജിലും സേവനം അനുഷ്ഠിക്കുന്നു. നാലുപേരും കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണെന്ന പ്രത്യേകതകളും ഈ ഡോക്ടര്‍ കുടുംബത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: