അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയെ ‘പുതിയ ഇന്ത്യ’യെ കെട്ടിപ്പടുക്കുന്ന ഏറ്റവും വിജയകരമായ യാത്രയായാണു ഞാന്‍ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ദൃഢനിശ്ചയമുള്ളതും ശക്തവും കാര്യപ്രാപ്തിയുള്ളതും ‘ആത്മനിര്‍ഭരവും’ ആയ ‘പുതിയ ഇന്ത്യ’ക്കായുള്ള ശക്തമായ അടിത്തറ പാകിക്കഴിഞ്ഞു. ഈ എട്ട് വര്‍ഷത്തിനിടെയാണ് കൊവിഡ് മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടവും ഉണ്ടായത്. എങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍, ‘പുതിയ ഇന്ത്യ’ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, രാജ്യം ധീരമായും ഐക്യത്തോടെയും മഹാമാരിയെ നേരിട്ടു.
കൊവിഡ് ആഗോളതലത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. മഹാമാരി സൃഷ്ടിച്ച ദുരിതങ്ങളോട് പൊരുതാന്‍ സാമ്പത്തിക ശക്തികളായ രാജ്യങ്ങള്‍ ഇന്നും പാടുപെടുകയാണ്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും പകര്‍ച്ചവ്യാധി ബാധിച്ചു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ഫലപ്രദമായ നയങ്ങളിലൂടെയും ആസൂതണ്ര പരിപാടികളിലൂടെയും സമയോചിത ഇടപെടലുകളിലൂടെയും അതിന്റെ കുറ്റമറ്റ നിര്‍വഹണത്തിലൂടെയുമാണ് നമ്മുടെ സമ്പദ്വ്യവസ്ഥയെ ഒരുപരിധിവരെ രക്ഷിക്കാനായത്. മഹാമാരിക്ക് മുന്നില്‍ വികസിത രാജ്യങ്ങള്‍ പോലും പകച്ചുനിന്നപ്പോള്‍ 135 കോടി ജനങ്ങളെ ഇരുട്ടില്‍ നിന്നും ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആത്മനിര്‍ഭര്‍ ഭാരത് യോജന’ കൊണ്ടുവന്നു. പ്രതികൂല സാഹചര്യങ്ങളിലും എങ്ങനെ അവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
‘ഏവര്‍ക്കുമൊപ്പം ഏവരുടെയും വികസനം’
‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിക്ക് കീഴിലുള്ള 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് പുതുജീവനേകി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമയോചിതവും പ്രായോഗികവുമായ ഈ ഇടപെടല്‍ പകര്‍ച്ചവ്യാധിയെ നേരിടുമ്പോഴും ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്വ്യവസ്ഥയായി തുടരുമെന്ന കാര്യം ഉറപ്പാക്കി. ഇന്ന് രാജ്യം ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. അതോടൊപ്പം ‘ഈസ് ഓഫ് ഡൂയിംഗ്’ സൂചികയില്‍ നാം 2015 ലെ 142-ാം സ്ഥാനത്ത് നിന്ന് 63-ാം സ്ഥാനത്തേക്ക് മുന്നേറി. ഇന്ന് രാജ്യം ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ കേന്ദ്രമായി മാറിയിരിക്കുന്നു. സ്വാശ്രയത്വത്തിന്റെ ശക്തമായ അടിത്തറയില്‍ മുന്നേറുന്ന ഇന്ത്യ, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ്.
തുടക്കം മുതല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര വികസനത്തിലാണ് പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ പാവപ്പെട്ടവരിലും പാവപ്പെട്ടവരുടെ ക്ഷേമമാണ് അദ്ദേഹത്തിന്റെ എല്ലാ നയങ്ങള്‍ക്കും പരിപാടികള്‍ക്കും പിന്നിലുള്ള പ്രധാന ലക്ഷ്യം. 2014 ല്‍ ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതിലൂടെ കോടിക്കണക്കിന് ദരിദ്രരെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ‘ഏവര്‍ക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന തത്ത്വം ഈ സര്‍ക്കാരിനെ വരച്ചുകാട്ടുന്നു. വികസന പിരമിഡിന്റെ ഏറ്റവും താഴെയുള്ള സാധാരണക്കാരായ പൗരന്മാരില് സര്‍ക്കാരിന്റെ നയങ്ങളുടെയും പരിപാടികളുടെയും ഗുണഫലങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഉജ്ജ്വല യോജന, ആയുഷ്മാന്‍ ഭാരത്, മുദ്ര യോജന, പിഎം കിസാന്‍-മാന്‍ധന്‍ യോജന, സ്വച്ഛ് ഭാരത്, സൗഭാഗ്യ യോജന, പിഎം ആവാസ് യോജന, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതി തുടങ്ങിയവ സമൂഹത്തിലെ ദരിദ്രരും ദുര്‍ബലരുമായ ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം സമൂഹത്തിലെ സാമ്പത്തിക അസമത്വം കുറച്ചു കൊണ്ടുവരികയും ചെയ്തു. വിപുലമായ രീതിയിലുള്ള പദ്ധതികളുടെ നിര്‍വഹണവും കാര്യക്ഷമമായ നടത്തിപ്പും മോദി സര്‍ക്കാരിന്റെ സവിശേഷതകളാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് സമൂഹത്തിലെ ദരിദ്രരും ദുര്‍ബല വിഭാഗങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കളായിത്തീരുന്നത്.
രാജ്യ സുരക്ഷ മുഖ്യം
സര്‍ക്കാരിന്റെ പ്രധാന നയങ്ങളിലൊന്ന് വിട്ടുവീഴ്ചയില്ലാത്ത ദേശീയ സുരക്ഷയാണ്. അതിനൊപ്പം തീവ്രവാദത്തോടും നാം സഹിഷ്ണുതയില്ലാത്ത നയം സ്വീകരിച്ചു. അതിന്റെ ഫലമായി, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തതുപോലെ ഭീകരാക്രമണങ്ങള്‍ക്ക് വാക്കുകള്‍ കൊണ്ട് മാത്രമുള്ള മറുപടിയല്ല ഇപ്പോഴുള്ളത്. അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള ഭീകരക്യാമ്പുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്കും വ്യോമാക്രമണവും നടത്തുന്നു. ശക്തവും നിര്‍ണായകവുമായ മോദി സര്‍ക്കാരാണ് പ്രകടമായ ഈ മാറ്റം കൊണ്ടുവന്നത്.
കഴിഞ്ഞ കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ക്ഷാമം സാധാരണ സംഭവമായിരുന്നു. എന്നാല്‍ ഈ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കാര്യത്തില്‍ രാജ്യം സ്വയംപര്യാപ്തമായി. ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വഴി നാം സൈന്യത്തെ സജ്ജമാക്കി. അതേസമയം നമ്മുടെ സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആഭ്യന്തര ഉത്പാദനവും വര്‍ധിപ്പിച്ചു.
ഇന്ന് അതിര്‍ത്തികള്‍ക്കു കരുത്ത് പകരാന്‍ റഫേല്‍ പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങള്‍ നമ്മുടെ പക്കലുണ്ട്. അതോടൊപ്പം എസ്-400 മിസൈല്‍ സംവിധാനം നമ്മുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നു. ഒരു കാലത്ത് പ്രതിരോധ ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരുന്ന ഇന്ത്യ, 2019ല്‍ 10,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് കയറ്റുമതി ചെയ്തത്. അത് 2025 ഓടെ 35,000 കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതെല്ലാം സാധ്യമായത് മോദി സര്‍ക്കാരിന്റെ ദേശീയ സുരക്ഷ എന്നത് രാഷ്ട്രീയ വിഷയമല്ലാത്തതുകൊണ്ടും ‘രാഷ്ട്രമാണ് ആദ്യം’ എന്ന സമീപനം കൊണ്ടുമാണ്. ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാരാണു നമ്മുടേത്.
ഇന്ത്യയുടെ സ്വരത്തിനായി കാതോര്‍ത്ത് ലോകം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രാധാന്യം ആഗോളതലത്തില്‍ അറിയിച്ച കാലഘട്ടമാണ് കടന്നുപോയത്. ലോകക്രമത്തില്‍ ഇന്ത്യയുടെ ശരിയായ സ്ഥാനം അദ്ദേഹം തിരികെപ്പിടിച്ചു. ആഗോളതാപനത്തിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തിയത് മുതല്‍ കൊവിഡ് പ്രതിസന്ധിയെ നേരിട്ട രീതി ഉള്‍പ്പെടെ, ആഗോള സമൂഹത്തിന് ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കി കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോക വേദികളില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരങ്ങള്‍ നമ്മുടെ മഹത്തായ സംസ്കാരത്തിന്റെ സമ്പന്നതയും വൈവിധ്യവും ലോകത്തിന് കാണിച്ചുകൊടുക്കാനായി ഉപയോഗപ്പെടുത്തി. ഈ ശ്രമങ്ങളുടെ ഫലമായാണ് ഇന്ന് യോഗയ്ക്കും ആയുര്‍വേദത്തിനും ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്നത്.
ഈ സര്‍ക്കാരിന്റെ വിദേശനയത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് ചേരിചേരാനയവും സ്വതന്ത്രവും നീതിയുക്തവുമായ ആഗോള ക്രമത്തിനായി പ്രവര്‍ത്തിക്കുക എന്നതുമാണ്. ഇന്ന് എല്ലാ ആഗോള വിഷയങ്ങളിലും ഇന്ത്യയുടെ സ്വരം കേള്‍ക്കാനായി ലോകം കാത്തിരിക്കുകയും പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെയും മറ്റ് നിരവധി രാജ്യങ്ങളുടേയും ആദരം ഏറ്റുവാങ്ങുക വഴി നരേന്ദ്ര മോദി ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നു.
ധീരവും ശക്തവുമായ തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രസിദ്ധമാണ്. 135 കോടി ഇന്ത്യക്കാരുടെ വിശ്വാസത്തില്‍ നിന്നും അനുഗ്രഹങ്ങളില്‍ നിന്നുമാണ് അദ്ദേഹം തനിക്ക് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം നേടുന്നത്. പ്രധാനമന്ത്രിയോടുള്ള വിശ്വാസത്താല്‍ ശക്തവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന നരേന്ദ്ര മോദിയുടെ സ്വപ്നങ്ങള്‍ക്കായി ജനം സ്വയം സമര്‍പ്പിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാന്, എല്‍പിജി സബ്സിഡി സ്വമേധയാ ഒഴിവാക്കല്‍, നോട്ട് നിരോധനം, കൊവിഡ് വ്യാപനം തടയുന്നതിനുള്ള സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ എന്നിവയ്ക്കുള്ള നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് ജനങ്ങള്‍ നല്കിയ അചഞ്ചലമായ പിന്തുണയില്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നുന്നില്ല.
മോദി സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുകയാണ്. അടുത്ത 25 വര്‍ഷത്തേക്ക് സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള സമയമാണിത്. കഴിഞ്ഞ എട്ടുവര്‍ഷം നമ്മുടെ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറയാണ് നേതൃത്വം ഇന്ത്യയ്ക്ക് നല്‍കിയത്. അത് ഇന്ത്യയെ കൂടുതല്‍ ശക്തവും സ്വയംപര്യാപ്തവുമായ രാജ്യമാക്കി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: