അഹമ്മദാബാദ്: ഇവര്‍ ശക്തരല്ല, പ്ലേ ഓഫിലെത്തിയാല്‍ പോലും അത്ഭുതമാകും… ആദ്യ സീസണിനൊരുങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ടീം ലിസ്റ്റ് അധികം ആര്‍ക്കും ദഹിക്കുന്നതായിരുന്നില്ല. മിന്നും താരങ്ങളുടെ കുറവായിരുന്നു നിരീക്ഷകരുടെ അപായ സൂചന. എണ്ണിപ്പറയാന്‍ ചുരുക്കം പേര് മാത്രം. ഒന്നോ രണ്ടോ താരങ്ങളെക്കൊണ്ട് എങ്ങനെ കപ്പടിക്കുമെന്നും വാദങ്ങളുണ്ടായി. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മാനേജ്മെന്റിന്റെ മനസില്‍ മറ്റൊന്നായിരുന്നു.
മൈതാനത്തെ ശൈലികൊണ്ട് ഒരേസമയം ആരാധകരെ വെറുപ്പിക്കുകയും അടുപ്പിക്കുകയും ചെയ്യുന്ന ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു കാലത്തെ സൂപ്പര്‍ ബൗളറായിരുന്ന ആഷിഷ് നെഹ്റക്ക് പരിശീലകന്റെ റോളും. ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച പരിശീലകന് ഗാരി ക്രിസ്റ്റ്യനെ ബാറ്റിങ് പരിശീലകനായി മാറ്റി നിര്‍ത്തിയാണ് നെഹ്റക്ക് നിര്‍ണായക സ്ഥാനം നല്‍കിയത്. ലേലത്തില്‍ റാഷിദ് ഖാനെയും മുഹമ്മദ് ഷമിയെയും ടീമിലെടുത്ത് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. ഇതിനപ്പുറം ഗുജറാത്തില്‍ ഒന്നുമില്ലായിരുന്നു. എന്നിട്ടും ഈ ടീം എങ്ങനെ കപ്പടിച്ചു? അതിനുത്തരം ടീം വര്‍ക്കെന്നാണ്. പതിനൊന്ന് പേര് ഒറ്റ മനസോടെ കളത്തില്‍ പോരാട്ടം നടത്തി. ലീഗിലെ വിഐപികള്‍ ഉള്‍പ്പെടെ പലരും മുട്ടുമടക്കി. സാധാരണ ടീമിനെ ഉപയോഗിച്ച് എങ്ങനെ കപ്പടിക്കാമെന്ന് ഗുജറാത്ത് കാണിച്ചു തന്നു എന്നതാണ് സത്യം.
കഴിഞ്ഞ സീസണുകളില്‍ മോശം ഫോമിന്റെ പേരില്‍ പഴികള്‍ കേട്ട ഡേവിഡ് മില്ലറെ വാങ്ങാന്‍ കാട്ടിയ ധൈര്യത്തിനാണ് ടീം മാനേജ്മെന്റ് കയ്യടി അര്‍ഹിക്കുന്നത്. ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, മാത്യു വെയ്ഡ് എന്നിവരടങ്ങിയ മുന്‍നിര ടൂര്‍ണമെന്റിലെ മികച്ചതായിരുന്നില്ല. നാലാമനായി കളത്തിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ ആ സ്ഥാനത്ത് മറ്റൊരു ടീം കളിപ്പിക്കുമെന്നും തോന്നുന്നില്ല. ചുരുക്കം കളിയില്‍ മാത്രം ബാറ്റ് കൊണ്ട് തിളങ്ങിയ രാഹുല്‍ തെവാട്ടിയയും പറയത്തക്ക ബാറ്റിങ് മികവില്ലാത്ത റാഷിദ് ഖാനും ഫിനീഷര്‍മാരുടെ റോളിലെത്തിയതും കൗതുകമായി. ഈ ടീം എങ്ങനെ കിരീടം നേടുമെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടായിരുന്നു.
അവയെല്ലാം അപ്രസക്തമായത് പതിനൊന്ന് പേര് ഒറ്റ മനസോടെ കളിച്ചപ്പോഴാണ്. ആ പ്രയത്നത്തിന് ഹാര്‍ദിക് പാണ്ഡ്യയും ആഷിഷ് നെഹ്റയും അംഗീകരിക്കപ്പെടുമെന്നുറപ്പ്. അസാമാന്യ ഫോമിലേക്ക് താരങ്ങളെല്ലാം കൂട്ടത്തോടെയെത്തി. അത്ഭുത ജയങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഗുജറാത്തിനെ മുന്നോട്ട് നയിച്ചത്. 12 പന്തില്‍ 35 റണ്‍സ് വരെ ഗുജറാത്ത് അടിച്ചെടുത്തപ്പോള്‍ മൂക്കത്ത് വിരള് വച്ചവര്‍ നിരവധി. ഗുജറാത്തിനായി പതിനൊന്ന് താരങ്ങളും മത്സരിച്ച് കളിച്ചെന്നതാണ് സത്യം. മുന്നില്‍ നിന്ന് നയിച്ച് ഹാര്‍ദിക് പാണ്ഡ്യട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 16 മത്സരങ്ങളില്‍ ആകെ തോറ്റത് നാലെണ്ണം. ഈ വിജയ ശരാശരി ടീമിന്റെ ആധിപത്യം തെളിയിക്കുന്നു.
ഫൈനലില്‍ സഞ്ജു സാംസണ് നയിച്ച രാജസ്ഥാന് റോയല്‍സിനെയും ആധികാരികമായാണ് തോല്‍പ്പിച്ചത്. ബാറ്റ്കൊണ്ടും പന്ത് കൊണ്ടും ടീം തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സിന് ഒരിക്കല്‍ പോലും പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. 130 റണ്‍സിലൊതുക്കിയ ഗുജറാത്ത് ബൗളര്‍മാര്‍ വിജയത്തിന് അടിത്തറ പാകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗൂജറാത്ത് തുടക്കത്തില്‍ പതറിയെങ്കിലും തിടുക്കം കാട്ടാതെ കളിയില്‍ പിടിച്ചു നിന്നു. ഒടുവില്‍ വിജയം അനായാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: