തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘ് മുഖ്യമന്ത്രിക്കും, ഗതാഗതവകുപ്പ് മന്ത്രിക്കും പരാതി നല്കി. ഇതിനു മുമ്പും പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയത്.
ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡീസലിന് കൂടിയ വില നല്‍കുന്നതിലൂടെ പ്രതിമാസം 40 കോടി രൂപയുടെ അധികബാധ്യത ഉണ്ടാവുന്നതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
ഒരു ലിറ്റര്‍ ഡീസല്‍ പോലും അധികവില നല്കി കെഎസ്ആര്‍ടിസി വാങ്ങിയിട്ടില്ലെന്നും മറിച്ച് കരാര്‍ലംഘനം നടത്തി റീട്ടെയില്‍ പമ്പുകളില്‍ നിന്നുമാണ് ഡീസല്‍ അടിക്കുന്നതെന്നും മെയ് 19ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഇക്കാര്യം നിഷേധിച്ചിട്ടില്ല.
101.20 രൂപ വിപണി വിലയുണ്ടായിരുന്ന സമയത്ത് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലായതിനാല്‍ 123.80 രൂപയ്ക്കാണ് ഡീസല്‍ വാങ്ങിയിരുന്നതെന്ന വാദം ഇതോടെ പൊളിഞ്ഞു. മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കെഎസ്ആര്‍ടിസി തെറ്റിദ്ധരിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ 170 കോടി രൂപ വരുമാനമുണ്ടായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നതിന് കാരണം ഡീസല്‍ വില വര്‍ധനയാണെന്ന വാദം സത്യവിരുദ്ധമാണെന്ന് തെളിഞ്ഞതായും സംഘ് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: