കാഠ്മാണ്ഡു: നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി. കണ്ടെടുത്ത ഇരുപത്തിയൊന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി.
ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്.
പതിനാലായിരം അടി ഉയരത്തിലുള്ള മലയ്ക്ക് മുകളിലാണ് വിമാനം തകര്‍ന്നു വീണത്. ഇവിടെ മഞ്ഞ് വീഴ്ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ രക്ഷാദൗത്യം നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ സൈന്യം വീണ്ടും അപകട സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.
10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു. 22 യാത്രക്കാരില്‍ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മന്‍ പൗരന്മാരും മൂന്ന് നേപ്പാള്‍ സ്വദേശികളായ ക്യാബിന് ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. താര എയറിന്റെ 9 എന്‍എഇടി വിവാമാനമാണ് തകര്‍ന്നത്
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: