തിരുവനന്തപുരം: കാലവര്‍ഷം എത്തിയതിനെ തുടര്‍ന്ന് ഇന്നുമുതല്‍ നാലു ദിവസത്തെക്ക് സംസ്ഥാനത്ത് കനത്ത മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ ദിവസത്തെ അറിയിപ്പ് പ്രകാരം ജൂണ്‍ രണ്ടാം തീയതി വരെയാണ് ശക്തമായ മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇതേതുടര്‍ന്ന് വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ഉള്‍പ്പെടെയുള്ള ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളത്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടര്‍ന്ന് പ്രദേശങ്ങളില്‍ മല്‍സ്യബന്ധനം നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: