കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് പോലീസിന്റെ നോട്ടീസ് തള്ളി പി.സി. ജോര്‍ജ് തൃക്കാക്കരയിലെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന് വേണ്ടി പ്രചാരണത്തിനുമിറങ്ങി. എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലയാളികളുടെ തോളില്‍ കയ്യിട്ടുകൊണ്ട് വോട്ടുതേടുന്ന പിണറായി വിജയനാണ് തന്നെ വര്‍ഗീയവാദിയെന്ന് വിളിക്കുന്നതെന്ന് പി.സി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചു.
‘സുറിയാനി വീടുകളില്‍ റോഷി അഗസ്റ്റിന്, ലാറ്റിന്‍ വീടുകളില്‍ ആന്റണി രാജു, ഈഴവ വീടുകളില്‍ മണിയാശാന്, മുസ്ലിം വീടുകളില്‍ റിയാസും അഹമ്മദ് ദേവര്‍കോവിലും… അങ്ങനെ തൃക്കാക്കരയെ വര്‍ഗീയമായി വിഭജിച്ച് വോട്ടുപിടിക്കുന്ന പിണറായി ആണോ എന്നെ വര്‍ഗീയവാദി എന്ന് വിളിക്കുന്നത്?’, ജോര്‍ജ് ചോദിച്ചു.
‘സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുകയാണ് ഞാന്‍ ചെയ്തത്. അത് പൗരധര്‍മ്മമാണ്. ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍, അവരുടെ സമുദായത്തെ അപമാനിച്ചു എന്ന് വരുത്തിത്തീര്‍ത്ത് വോട്ട് തട്ടാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത്. വിഭജിച്ചു ഭരിക്കുക എന്ന നയം നടപ്പാക്കുകയാണ് പിണറായി. രണ്ടു വര്‍ഷത്തോളം എസ്ഡിപിഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഞാന്‍. ഉറപ്പിച്ചു പറയുന്നു, ഇവര്‍ ഇന്ത്യാ മഹാരാജ്യത്തെ സ്നേഹിക്കുന്നവരല്ല. കൂടെ കിടന്നവനേ രാപ്പനി അറിയൂ.’ ജോര്‍ജ് പറഞ്ഞു.
വി.ഡി. സതീശന് പത്തിരുപത് ദിവസമായി മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനുമായി മത്സരിക്കുകയായിരുന്നു. ‘പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണി’ എന്ന അവസ്ഥയില്‍ നില്ക്കുന്ന കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചതിനു ശേഷമേ സതീശന് അടങ്ങൂ എന്ന കാര്യത്തില്‍ സംശയമില്ല.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷനേതാവാണ് വി.ഡി. സതീശനെന്ന് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്, ദേശീയനിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: