കൊച്ചി: പ്രശസ്ത ഗായകന് ഇടവാ ബഷീര്‍ പാടിക്കൊണ്ടിരിക്കേ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന് 78 വയസ്സായിരുന്നു. യേശുദാസ് അനശ്വരമാക്കിയ ഹിന്ദി ഗാനം മാനാ ഹൊ തും പാടിക്കൊണ്ടിരിക്കേയാണ് ഇടവ ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചത്.
വേദിയില്‍ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗമാണ് പ്രചരിച്ചത്.
ആലപ്പുഴയിലെ പ്രമുഖ ബ്ലൂ ഡയമണ്ട് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവേദിയിലായിരുന്നു ഇടവ ബഷീര്‍ പാടിയത്. പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് സ്റ്റേജില്‍ കുഴഞ്ഞു വീണു. അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരത്തെ ഇടവയില്‍ ജനിച്ച ബഷീറിന് സംഗീതം ഹരമായിരുന്നു. യേശുദാസ്, മുഹമ്മദ് റാഫി എന്നിവരുടെ ഗാനങ്ങളായിരുന്നു ബഷീറിന്റെ പ്രധാന പ്രചോദനം. വീണ വായിക്കും എന്ന ട്രാക്ക് പാടി പിന്നീട് ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തി. മുക്കവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയില്‍ വാണി ജയറാമിനൊപ്പം പാടിയ ആഴിത്തിര മാലകള്‍ അഴലിന്റെ മാലകള്‍ എന്ന പാട്ടാണ് ഇടവ ബഷീറിനെ അറിയപ്പെടുന്ന ഗായകനാക്കിയത്. ഒരു കാലത്ത് മാപ്പിളപ്പാട്ടുകളുടെ വേദിയിലും പ്രിയഗായകനായിരുന്നു.
ലൈല, റഷീദ എന്നിവര്‍ ഭാര്യമാരാണ്. ഭീമ, ഉല്ലാസ്, ഉഷസ്, ശ്വേത എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: