ലഖ്നോ : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനകളുടെ സമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് മീഡിയ ഇന്‍ ചാര്‍ജ് മൗലാന നിയാസ് അഹമ്മദ് ഫറൂഖി പറഞ്ഞു.
“ഒരോ വ്യക്തിയ്ക്കും അവനവന്റെ മതം പിന്തുടരാന് അവകാശമുണ്ട്. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് ഒരു സമുദായത്തിന് മാത്രം പിന്തുണ നല്കുന്ന ഒന്നാണ്. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കണം. സ്വന്തം മതം പിന്തുടരാന് അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും”- മൗലാന ഫറൂഖി പറഞ്ഞു.
മതമോ ലിംഗമോ നോക്കാതെ എല്ലാ പൗരന്മാരും പിന്തുടരേണ്ട വ്യക്തി നിയമങ്ങള്‍ ആണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ എല്ലാ സമുദായങ്ങളും അവരുടെ വിവാഹം, വിവാഹമോചനം, പൈതൃകം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിഗത വിഷയങ്ങളില്‍ എല്ലാ സമുദായത്തിനും ഒരേ നിയമമായിരിക്കും.ഇപ്പോള്‍ വിവിധ മതങ്ങള്‍ക്ക് വിവിധ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് വിവാഹത്തിന്റെ കാര്യത്തില്‍ തന്നെ ഹിന്ദു വിവാഹനിയമം, ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം, പാര്‍സി വിവാഹ, വിവാഹമോചന നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം….എന്നിങ്ങനെ വിവിധ നിയമങ്ങള്‍ നിലനില്ക്കുന്നു.
ഗ്യാന്‍വാപി, മഥുര, കുത്തബ് മീനാര്‍ തുടങ്ങിയ ആരാധനലായങ്ങളിലും സ്മാരകങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ വിവിധ മുസ്ലിം സംഘടനകളുടെ രണ്ട് ദിവസത്തെ യോഗം ചേര്‍ന്നത്. ഏകദേശം 2,000 പേര് യോഗത്തില്‍ പങ്കെടുത്തു. ജാമിയത്ത് ഉലമ ഇ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്മോദ് ആസാദ് മദനിയും പങ്കെടുത്തു.
ഇസ്ലാമിനോടുള്ള വിരോധം ഇല്ലാതാക്കല്‍, രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരെ വളരുന്ന വിരോധവും ശത്രുതയും കുറയ്ക്കല്‍, സദ്ഭാവന മഞ്ചിനെ ശക്തിപ്പെടുത്തല്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ യോഗം പ്രമേയം പാസാക്കി.
ഡപ്യൂട്ടി അമിര്‍-ഉല്-ഹിന്ദ് സയ്ദ് മുഹമ്മദ് സല്മാന് മന്‍സൂര്‍പുരി, ബംഗാള്‍ ജാമിയത്ത് ഉലെമ അധ്യക്ഷന്‍ മൗലാന സിദ്ദിഖുള്ള ചൗധരി, മൗലാന സല്മാന് ബിജ്നൂരി, മൗലാന ഹബീബ് ഉര് റഹ്മാന് അലഹബാദ്, ജാമിയത് ഉലമ ഇ ഹിന്ദ് മൗലാന ഹക്കീമുദ്ദീന്‍, കവി നവാസ് ഡിയോബാന്റി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: