തൊടുപുഴ: കലാസ്വാദരുടെ മനസ്സിലെ ചിരിയുടെ മാലപ്പടക്കത്തിന് തിരിതെളിച്ചാണ് കോട്ടയം നസീര്‍ വേദി കൈയടക്കിയത്. പ്രശസ്ത സിനിമാ നടന്‍മാരുടെ ശബ്ദ ഗാഭീര്യം അല്‍പം പോലും കുറവ് വരാതെ വേദിയില്‍ അവതരിപ്പിച്ച് കോട്ടയം നസീര്‍ ആന്റ് ടീം കാണികളുടെ കൈയടി നേടി.
കൊവിഡ് പ്രതിസന്ധിയുടെ കഴിഞ്ഞ 2 വര്‍ഷക്കാലത്തിന് ശേഷം ആദ്യമായിട്ടാണ് ഇതുപോലൊരു വേദിയില്‍ എത്തുന്നത്. അനുഗ്രഹീതമായ നിറഞ്ഞ സദസ് നല്‍കിയ ജന്മഭൂമിയോടുള്ള കടപ്പാടും സ്നേഹവും കോട്ടയം നസീര്‍ കലാസ്വാദകരോട് പങ്കുവെച്ചു.
സുരേഷ് ഗോപിയുടേയും, മോഹന്‍ലാലിന്റേയും ശബ്ദം അനുകരിച്ചപ്പോഴാണ് കൂടുതല്‍ കൈയടി കിട്ടിയത്. പരിപാടികള്‍ ഒന്നിനൊന്ന് വ്യത്യസ്തമായപ്പോള്‍ കാണികളും ആരവത്തിലായി.
പകര്‍ന്നാടി അയ്യപ്പ ബൈജു
ഹാസ്യത്തിന്പുതിയ മാനങ്ങള്‍ സൃഷ്ടിച്ച അയ്യപ്പ ബൈജുവിന്റെ മദ്യപാനിയുടെ വേഷപകര്‍ച്ചവേദിയില്‍ ഹാസ്യത്തിന്റെ തിരമാലകള്‍ തീര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്രോതസാണ് മദ്യപാനികള്‍ എന്ന് പറഞ്ഞപ്പോള്‍ സദസ് നിറഞ്ഞ കൈയടിയോടെ അത് സ്വീകരിച്ചു. ഇന്നത്തെ യുവത മൊബൈല്‍ ഫോണിന് അടിമകളാണ് എന്ന് ഹാസ്യത്തിലൂടെ അവതരിപ്പിച്ചത് സദസ് ഏറെ ആസ്വദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: