മക്കളേ,
അന്യരുടെ ദീനതയില്‍ കരുണ വരണം. അപ്പോള്‍ നിങ്ങളുടെ ഹൃദയംവിശാലമാകും. കുഴി എത്രകണ്ട് താഴ്ന്നുവോ അത്രകണ്ട് അതില്‍ വെള്ളംനിറയുന്നു. കാരുണ്യമുള്ള ഹൃദയത്തില്‍ മാത്രമേ പരമാത്മചൈതന്യത്തിന്റെ ഉറവപൊട്ടി ഭക്തിയുടെ ധാരയുണ്ടാവുകയുള്ളൂ. പരമതത്ത്വം കാരുണ്യത്തിലൂടെയാണ് പ്രകാശിക്കുന്നത്. കുചേലനെത്തന്നെ നോക്കൂ. തന്റെ ഭാര്യയും മക്കളും പട്ടിണികിടക്കുകയാണ്. കുചേലന് ഭിക്ഷതേടിപോയി. ഭിക്ഷകിട്ടിയ സമയത്താണ് വേറൊരുവന്, ‘എന്റെവീട്ടില് പട്ടിണിയാണേ’ എന്നും പറഞ്ഞു കൈനീട്ടുന്നത്. ഭിക്ഷകിട്ടിയത് അതുപോലെകൊടുക്കുകയാണു ചെയ്തത്. തന്റെ മുന്നില്‍ നില്ക്കുന്ന ആഭിക്ഷക്കാരനിലും ഭക്തന്ഈശ്വരനെയാണ് കാണുന്നത്.
വിഷ്ണുഭക്തനായ അംബരീഷന്റെ അടുക്കല്‍ ദുര്‍വാസാവ് ചെന്ന കഥയറിയില്ലേ? അംബരീഷന്റെ ഭക്തിയാല്‍ പ്രസന്നനായ മഹാവിഷ്ണു അംബരീഷന ്സുദര്‍ശനചക്രം നല്കി. അദ്ദേഹം മുടങ്ങാതെ ഏകാദശി നോല്ക്കുമായിരുന്നു. അദ്ദേഹത്തിന് വ്രതത്തിലുള്ളനിഷ്ഠ കണ്ട് തന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഇന്ദ്രന് ഭയന്നു. എങ്ങനെയെങ്കിലും അംബരീഷന്റെ വ്രതം മുടക്കാന്‍ ഇന്ദ്രന് തീരുമാനിച്ചു. ഇന്ദ്രന്റെ പ്രേരണയാല്‍ അംബരീഷന്റെ വ്രതംമുടക്കാനുള്ള ചുമതല ദുര്‍വാസാവ് മഹര്‍ഷി ഏറ്റെടുത്തു. ഒരുഏകാദശി നാള് ദുര്‍വാസാവ് അംബരീഷന്റെ കൊട്ടാരത്തിലെത്തി. അംബരീഷന്റെ വ്രതം ഏതെങ്കിലും രീതിയില്‍ മുടക്കണം. അതിനു തയ്യാറാകുന്നില്ലെങ്കില്‍ ശപിക്കണം. അതിനുവേണ്ടിയാണ് അദ്ദേഹം ചെന്നത്. നിഷ്കളങ്കഭക്തനായ അംബരീഷനാകട്ടെ മഹര്‍ഷിയെ ആദരവോടെ സത്ക്കരിച്ചു. അതുകഴിഞ്ഞ് മഹര്‍ഷി നദിയില്‍ കുളിക്കാന്‍പോയി. വ്രതം അവസാനിപ്പിക്കുന്ന സമയമായിട്ടും മഹര്ഷിയെകാണാത്തതുകൊണ്ട് രാജാവ് ദേവന്മാര്ക്കുള്ള ഹവിസ്സ് അര്‍പ്പിച്ച ശേഷം ദുര്വാസാവിനുള്ള ഭാഗം മാറ്റിവെച്ചു. സ്നാനം കഴിഞ്ഞെത്തിയ ദുര്‍വാസാവ്, താനെത്തുന്നതിനുമുന്പ് വ്രതം അവസാനിപ്പിച്ചതറിഞ്ഞ് കോപിഷ്ഠനായി. ദുര്‍വാസാവു വളരെയധികം കോപിച്ചിട്ടും അംബരീഷന് യാതൊരു ഭാവഭേദവുമുണ്ടായില്ല. തന്റെ ശക്തിയെക്കുറിച്ച് അറിയാമായിരുന്നിട്ടും തൊഴുതുകൊണ്ട് ‘എന്നില്‍ നിന്നു എന്തെങ്കിലും തെറ്റുവന്നെങ്കില്‍ എന്നോടുക്ഷമിക്കണം.വ്രതംമുടങ്ങരുതല്ലോ എന്നു കരുതി ചെയ്തുപോയതാണ്. എന്റെ അറിവുകേടുക്ഷമിക്കണം.’എന്നു വീണ്ടുംവീണ്ടും പറയുകമാത്രമാണു ചെയ്തത്. എന്നിട്ടും, ദുര്‍വാസാവു ക്ഷമിച്ചില്ല.അംബരീഷനെ വധിക്കുവാനായി ദുര്‍ഭൂതത്തെ ദുര്‍വാസാവ് സൃഷ്ടിച്ചു. ദുര്ഭൂതംഅംബരീഷനെ സംഹരിക്കാനായി മുന്നോട്ടടുത്തു. ഉടനെ സുദര്‍ശനചക്രം പ്രത്യക്ഷപ്പെട്ട് ആ ദുര്ഭൂതത്തെവധിച്ചു. തുടര്‍ന്ന് സുദര്‍ശനചക്രം ദുര്‍വാസാവിന്റെ കണ്ഠം ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു. ദുര്‍വാസാവ് മരണഭീതിയോടെ ഓടിത്തുടങ്ങി. ബ്രഹ്മാവിനെയും ശിവനെയും ശരണം പ്രാപിച്ചിട്ടും സുദര്‍ശനചക്രത്തിന്റെ ഭീതിയില്‍നിന്ന് മോചനംലഭിക്കാതെ ദുര്‍വാസാവ് വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവില് അഭയംതേടി. എന്നാല്‍, ദുര്‍വാസാവിനെ മൃത്യുവില്‍നിന്ന് മോചനം നേടാന്‍ അംബരീഷനെ അഭയംപ്രാപിക്കുകയല്ലാതെ മറ്റുമാര്ഗ്ഗമൊന്നുമില്ലെന്ന് മഹാവിഷ്ണുഉപദേശിച്ചു.
ദുര്വാസാവ്പോയപ്പോള്, അവന്പോയല്ലോ. ഇനിസ്വസ്ഥമായി ആഹാരംകഴിക്കാം എന്ന് അംബരീഷന് ചിന്തിച്ചില്ല. ദുര്‍വാസാവ് തിരിച്ചുവരുന്നതും കാത്തിരുന്നു. എല്ലാദേവന്മാരുടെയും അടുത്തുപോയിട്ടും രക്ഷയില്ലെന്നുകണ്ടു ദുര്‍വാസാവ് ഗത്യന്തരമില്ലാതെ അംബരീഷനെത്തന്നെ ശരണംപ്രാപിച്ചു മാപ്പുചോദിച്ചു. അപ്പോഴും മഹര്‍ഷിയുടെ കാലുകള്‍ കഴുകിവെള്ളം കുടിക്കാനുള്ള മനസ്സാണ് അംബരീഷന്. അങ്ങനെയുള്ളവര്‍ക്കേ ഈശ്വരന്കൂട്ടുണ്ടാവുകയുള്ളൂ. അത്തരം വിനയഭാവമുള്ളവരെ രക്ഷിക്കാന്‍ ഈശ്വരനെത്തിക്കൊള്ളും. മറിച്ച്, എനിക്കുസുഖിക്കണം. എനിക്കുസ്വത്തുവേണം, പണംവേണം, എനിക്കു മുക്തിവേണം ഇങ്ങനെയുള്ള ചിന്തമാത്രമുള്ളവര്ക്ക് എവിടെ ഈശ്വരനെക്കിട്ടാനാണ്?
ചിലര്‍ ധ്യാനിക്കാന്‍ ചെന്നിരിക്കുമ്പോഴും മറ്റുള്ളവരോട് എങ്ങനെ പ്രതികാരംചെയ്യാം എന്നാണു ചിന്തിക്കുന്നത്. സിമന്റില്ലാതെ കട്ട ഉയരത്തില്‍ അടുക്കിവച്ചാല്‍ കെട്ടിടത്തിന് ഉറപ്പുണ്ടാകുകയില്ല. സ്നേഹമാണു സിമന്റ്. ക്ലാവുപിടിച്ച പാത്രത്തില്‍ ഈയംപിടിക്കുകയില്ല. അതാദ്യം തേച്ചുവൃത്തിയാക്കണം. അതുപോലെ സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും ക്ലാവ് മനസ്സില്‍ നിന്നു തുടച്ചുമാറ്റണം. മനസ്സ് ശുദ്ധമായാലേ ഭക്തി ഉറയ്ക്കൂ. അപ്പോള്‍ മാത്രമേ ഭഗവദ്സാന്നിധ്യം അനുഭവിക്കാന്‍ കഴിയൂ എവിടെ യഥാര്‍ത്ഥഭക്തി ഉണ്ടോ അവിടെ സര്‍വചരാചരങ്ങളോടും സ്നേഹവും വിനയഭാവവും ഉണ്ടാവും. കാരണം സര്‍വതിലും ഭക്തന് ഭഗവാനെയാണ് ദര്‍ശിക്കുന്നത്.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: