ഡോ. ആര്‍. ഗോപിമണി
ആകാശവാണിയുടെ ‘വയലും വീടും’ പരിപാടിയുടെ സാരഥിയായിരുന്ന മുരളീധരന്‍ തഴക്കര തന്റെ ജന്മദേശമായ ഓണാട്ടുകരയുടെ ഹൃദയത്തുടിപ്പുകള്‍ 22 സുന്ദര ‘ഗദ്യകവിത’കളാക്കി നമുക്ക് തന്നിരിക്കുന്നു, ഒരു പുസ്തക രൂപത്തില്‍! അതിന്റെ പേരാണ് ‘കൃഷിയുടെ നന്മപാഠങ്ങള്‍.’ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇതിന്റെ പ്രസാധകര്‍.
കേരളത്തിന്റെ രണ്ട് നെല്ലറകളില്‍ ഒന്നായ ആലപ്പുഴ ജില്ലയിലെ കുട്ടനാടിനെപ്പറ്റി ഏവര്‍ക്കും അറിയാം. തകഴിയുടെ തൂലികത്തുമ്പിലൂടെ അതിന്റെ കഥ ‘രണ്ടിടങ്ങഴി’യെന്ന നോവലായി നാം വായിച്ചിട്ടുണ്ട്. പക്ഷേ, അതേ ജില്ലയിലെ ‘ഓണാട്ടുകര’യിലെ വിരിപ്പും മുണ്ടകനും അടങ്ങുന്ന നെല്‍കൃഷിയും, മൂന്നാംവിളയായ എള്ളും കേരളീയരുടെ ജീവിതത്തെ സുഭിക്ഷവും ആരോഗ്യപ്രദവും (കടുംകറുപ്പ് നിറമുള്ള ഓണാട്ടുകരയെള്ളിന് ആയുര്‍വേദ ചികിത്സയില്‍ വലിയ പ്രാധാന്യമാണുള്ളത്. ഔഷധഗുണം ഓണാട്ടുകരയെള്ളില്‍ നിന്നും തയ്യാറാക്കുന്ന എണ്ണയ്‌ക്ക് ഏറിയിരിക്കും)ആക്കിയ ഓണാട്ടുകരയെപ്പറ്റി നാം അത്ര ബോധവാന്മാരല്ല. ആ വിടവ് നികഴ്‌ത്താനുള്ള സഫലമായ ശ്രമമാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളിലൂടെ മുരളി നടത്തിയിരിക്കുന്നത്.
ഈ ഗ്രന്ഥത്തിന് നമ്മുടെ പ്രിയകവി ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ അവതാരികയിലെ കവിതാത്മകമായ വാക്കുകള്‍ കടമെടുത്താല്‍ ‘തവിടപ്പം എന്ന നാട്ടു കൊതിതീറ്റയുടെ സൃഷ്ടിപ്പെരുമ’ വിവരിക്കുന്നിടത്ത് ഗ്രന്ഥകാരന്റെ ‘ബാല്യകാല സ്മരണകള്‍ ഒരു കവിതപോലെ ഘനീഭവിച്ച് നില്‍ക്കുന്നു.’ ആദ്യ അദ്ധ്യായമായ ‘കൃഷിപാഠം’ ഓണാട്ടുകരയിലെ നെല്‍കൃഷിയുടെയും എള്ള് കൃഷിയുടെയും ‘നടുതല’ കൃഷികളുടേയും ‘വിത്ത് മുതല്‍ വിളവ് വരെ’ എത്തുന്ന ‘പരിക്രമ വിക്രമങ്ങളുടെയും’ വിശദവും രസകരവുമായ വര്‍ണനകളാണ്. തുടര്‍ന്ന് ഓണം മുതല്‍ വിഷുവരെ നീളുന്ന കൃഷിയുടെ താളമേളങ്ങളും കെട്ടുകാഴ്ചകളും വീതംവയ്പുകളും കാലാവസ്ഥകളില്‍ വരുന്ന വിസ്മയകരമായ മാറ്റങ്ങളുടെ ചൂരും ചൊരുക്കും മുതല്‍ വിഷുക്കണിയിലെ കൊന്നപ്പൂവിന്റെ മനോഹാരിതകളും ഗ്രന്ഥകര്‍ത്താവ് പല ലേഖനങ്ങളിലൂടെ നമുക്ക് വിളമ്പിത്തരുന്നു.
‘കള്ള്’ എന്ന നോവല്‍ രചിച്ച ജി. വിവേകാനന്ദന്‍ എന്ന വിശ്രുത നോവലിസ്റ്റിന് ചെന്നെത്താന്‍ കഴിയാതിരുന്ന ‘ചെത്തിന്റെ രസതന്ത്രം’, കെട്ട് തെങ്ങ് തിരഞ്ഞെടുക്കുന്നത് മുതല്‍ ‘മധുരക്കള്ള്’ കുടത്തില്‍ എത്തുംവരെയുള്ള സകല കലാപരിപാടികളും വിവരിക്കുന്നതിലൂടെ ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് നമുക്കജ്ഞാതമായിരുന്ന ഒരു ‘നാടന്‍ രസതന്ത്രം’ തന്നെയാണ് മറനീക്കി നമുക്ക് വിവരിച്ച് തരുന്നത്! ‘അന്യം നിന്നുപോയ അയല്‍പക്കം’ മുതല്‍ ‘മലയാളിക്ക് പ്രിയപ്പെട്ട കഞ്ഞി’യെക്കുറിച്ചുള്ള വിവരണങ്ങള്‍ വരെ ഗൃഹാതുരത്വം വഴിയുന്ന ശൈലിയില്‍ ഈ പുസ്തകത്താളുകളില്‍ അക്ഷരങ്ങളായി വിലസുന്നു. ഗ്രാമീണ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളായിരുന്ന ‘മാടക്കടകളും’ അതില്‍ ചമ്രം പടിഞ്ഞിരുന്ന് ബീഡി തെറുക്കുന്ന ‘തെറുപ്പുകാരുടെ’ കൈവിരുതുകളും ചായക്കടകള്‍ കേന്ദ്രമാക്കി നടന്നിരുന്ന ഗൗരവമേറിയ രാഷ്‌ട്രീയ ചര്‍ച്ചകളും അതിന് ചുക്കാന്‍ പിടിക്കാനെത്തുന്ന സഖാക്കളുടെ ‘പരിപ്പുവടയും കട്ടന്‍ ചായയും’ മാത്രമടങ്ങുന്ന നിഷ്‌കളങ്കമായ പഴയ ചിത്രങ്ങളും മുരളീധരന്‍ അനുകമ്പയോടും ആദരവോടും ഓര്‍മിച്ചെടുക്കുന്നു.
അമ്പതുകളിലും അറുപതുകളിലും ബാല്യം കടന്നുപോയ ഒരു തലമുറ, ഒറ്റയിരിപ്പില്‍ ഈ ഗ്രന്ഥം വായിച്ചുതീര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കയ്യിലെ മൊബൈലിലേക്ക് മിഴികള്‍ കുഴിച്ചിട്ട് വിരലുകള്‍ കൊണ്ട് ‘ചുണ്ണാമ്പ് തോണ്ടുന്ന’ ആധുനികരായ യുവതലമുറയ്‌ക്ക് ഇതിലൂടെ തങ്ങളുടെ നാടിന്റെ പൂര്‍വകാല നന്മകളുടെ ചരിത്രം ഒരുപക്ഷേ വായിച്ചെടുക്കാന്‍ കഴിഞ്ഞേക്കും! അവരുടെ കൈകളിലേക്ക് ഈ പുസ്തകം എത്തുംവിധം ഇതൊരു പാഠപുസ്തകമായി ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ എത്തിക്കുന്നത് നന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: