Categories: India

താംബൂലപ്രശ്നത്തില്‍ മാംഗ്ലൂരിലെ ജുമാ മസ്ജിദില്‍ ശിവസാന്നിധ്യം കണ്ടെത്തി; കൂടുതല്‍ അറിയാന്‍ അഷ്ടമംഗല്യപ്രശ്നം വേണമെന്ന് ജ്യോത്സ്യര്‍

Published by

മാംഗ്ലൂരു: കര്‍ണ്ണാടകയിലെ മാംഗ്ലൂരുവിലെ ജുമമസ്ജിദിനകത്ത് ക്ഷേത്രസാന്നിധ്യമുണ്ടെന്ന് താംബൂലപ്രശ്നം നടത്തിയ ജ്യോത്സ്യര്‍ പ്രവചിച്ചു. കേരളത്തില്‍ നിന്നുള്ള ജ്യോത്സ്യന്മാരെയാണ് വിശ്വ ഹിന്ദു പരിഷത്ത് താംബൂല പ്രശ്നത്തിന് മാംഗ്ലൂരിലെ മലാലി ഗ്രാമത്തില്‍ കൊണ്ടുവന്നത്.  

വെറ്റില ഉപയോഗിച്ചുള്ള താംബൂലപ്രശ്നത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്താമെന്നതാണ് ഹിന്ദു വിശ്വാസം. അത് പ്രകാരമാണ് കേരളത്തിലെ മൂന്ന് ജ്യോതിഷികളെ കൊണ്ടുവന്നത്. മലാലിയിലെ രാമഞ്ജനേയ ഭജന മന്ദിരത്തിലായിരുന്നു താംബൂല പ്രശ്നം. മസ്ജിദ് നില്‍ക്കുന്നിടത്ത് ഹിന്ദു ദൈവസാന്നിധ്യമുണ്ടെന്ന് താംബൂല പ്രശ്നത്തിന് നേതൃത്വം നല്‍കിയ ജ്യോത്സ്യന്‍ ഗോപാലകൃഷ്ണപ്പണിയ്‌ക്ക്രര്‍ പ്രവചിച്ചു.  

“മലാലിയില്‍  ജുമമസ്ജിദ് നില്‍ക്കുന്നിടത്ത് ശിവസാന്നിധ്യമുണ്ട്. ഒരു മഠത്തിന്റെ രൂപത്തിലാണ് ഈ സാന്നിധ്യം കാണുന്നത്. ഒരിയ്‌ക്കല്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് താംബൂല പ്രശ്നം വ്യക്തമായി കാണിക്കുന്നു. എന്തോ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടു. ശൈവന്മാരും വൈഷ്ണവന്മാരും തമ്മിലുള്ള ഏറ്റുമുട്ടലാകാം കാരണം. ഈ ദൈവസാന്നിധ്യം എല്ലാവരും ഒത്തൊരുമിച്ചെത്തി വീണ്ടെടുക്കണം. “- താംബൂല പ്രശ്നം നടത്തിയ ഗോപാലകൃഷ്ണപ്പണിയ്‌ക്കര്‍ പറഞ്ഞു.  

“കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ അഷ്ടമംഗല്യപ്രശ്നം നടത്തണം. എങ്കിലേ ഏത് കാലഘട്ടത്തിലാണ് ക്ഷേത്രം പണിതത്, ഏത് രാജ്യഭരണകാലഘട്ടത്തിലാണ് അത് നശിപ്പിക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. ഇനി സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്”- പണിയ്‌ക്കര്‍ പറഞ്ഞു.  

എന്നാല്‍ മസ്ജിദ് നിന്നിടത്ത് ക്ഷേത്രം ഉണ്ടെന്ന അവകാശവാദം ഉന്നയിക്കുന്ന  ആര്‍എസ്എസിനെതിരെ എസ് ഡിപി ഐ തുറന്ന ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.  മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ് പുതുക്കിപ്പണിയുമ്പോഴാണ് പഴയ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഒരു പിടി മണ്ണുപോലും ഇവിടെ നിന്നും വിട്ടുതരില്ലെന്ന തുറന്ന ഭീഷണിയാണ് എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ്  മുഴക്കിയിരിക്കുന്നത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതേ തുടര്‍ന്ന് മാംഗ്ലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക