മണ്ണാര്‍ക്കാട്: അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ സമാന്തര കുടുംബശ്രീ പ്രവര്‍ത്തനം നടത്തുന്നതില്‍ പ്രതിഷേധിച്ച് ബിജെപി പുതൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ നാല് മാസങ്ങള്‍ക്ക് മുമ്പു നടന്ന സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ 12ല്‍ എട്ട് വാര്‍ഡുകളില്‍ ബിജെപി വിജയിക്കുകയും ശാന്തി മരുതന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കുകയും ചെയ്തു. അന്ന് മുതല്‍ കുടുംബശ്രീയോട് പകവീട്ടല്‍ സമീപനമാണ് പഞ്ചായത്ത് ഭരണ സമിതി സ്വീകരിച്ചുവരുന്നത്.
കുടുംബശ്രീ യോഗങ്ങള്‍ക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ അനുവദിക്കാത്തതിനാല്‍ അഗളിയിലാണ് കഴിഞ്ഞ തവണ യോഗം നടത്തിയത്. കുടുംബശ്രീ കെട്ടിടത്തിന്റെ പകുതിയിലധികം വരുന്ന ഭാഗം പഞ്ചായത്തിലെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുകയാണ്. വനവാസി വിഭാഗത്തില്‍പ്പെട്ട ചെയര്‍പേഴ്‌സന്റെ വാര്‍ഡിലെ മെമ്പറേയും പ്രമോട്ടര്‍മാരടക്കമുള്ളവരേയും ഉപയോഗിച്ച് ഊര് വിലക്ക് കല്പിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണ സമിതി.
തെരഞ്ഞെടുക്കപ്പെട്ട സിഡിഎസിനെ അകറ്റി തങ്ങള്‍ക്കിഷ്ടപ്പെട്ട ആളുകളെ ഉപയോഗിച്ച് സമാന്തര കുടുംബശ്രീക്ക് പഞ്ചായത്ത് പ്രസിഡന്റ് രൂപം നല്കിയിരിക്കുകയാണ്. നിലവിലെ ചെയര്‍പേഴ്‌സനെ അറിയിക്കാതെ കുടുംബശ്രീയുടെ ലോഗോ ഉപയോഗിച്ച് കുടുംബശ്രീയുടെ പേരില്‍ വ്യാജ ഹെല്‍പ് ഡെസ്‌ക് നടത്തുവാന്‍ ഒരു സ്വകാര്യ വ്യക്തിക്ക് അനുവാദം നല്കിയിരിക്കുകയാണ്. നിയമാനുസൃതമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് കെട്ടിടം അനുവദിച്ച് നല്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: