തൃശൂര്‍: സ്വതന്ത്ര മുന്നണി നേതൃത്വം നല്കുന്ന ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണം പിടിച്ചെടുക്കാന്‍ അണിയറയില്‍ സിപിഎം നീക്കം. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം സിഐടിയുവിന്റെ നേതൃത്വത്തില്‍ 30-ഓളം പേരടങ്ങുന്ന സംഘം തൃശൂര്‍ ശക്തന് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹെഡ് ഓഫീസ് ഉപരോധിക്കാനെത്തിയിരുന്നു.
സിഐടിയു സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരാണ് ഉപരോധിക്കാന്‍ എത്തിയത്. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഉപരോധിക്കാനെത്തുമെന്ന വിവരമറിഞ്ഞ് മറു വിഭാഗവും സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാകുമെന്ന സ്ഥിതിയായി. ഭരണ സമിതിയിലുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. നിവേദനം നല്കാന് മാത്രം അനുവദിച്ചതിന് ശേഷം സിഐടിയു തൊഴിലാളികളെ പോലീസ് ഉടനെ തിരിച്ചയച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്.
വിവിധ കാരണങ്ങളാല്‍ 10 ജീവനക്കാര്‍ക്കെതിരെ ഭരണസമിതി അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്. നടപടി പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സിഐടിയു ഇപ്പോള്‍ ഉന്നയിക്കുന്നത്. അച്ചടക്ക നടപടിയെടുത്തവരില്‍ രണ്ടു പേര് കോട്ടയം, തിരുവനന്തപുരം സ്വദേശികളും എട്ട് പേര് തൃശൂര്‍ സ്വദേശികളുമാണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്റീനില്‍ ലേഡി ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിനും കൊവിഡ് സമയത്ത് സംഘത്തിനെതിരെ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനും മറ്റുമാണ് തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിട്ടുള്ളത്.
18 വര്‍ഷമായി ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ സാരഥ്യം വഹിക്കുന്നത് സ്വതന്ത്ര മുന്നണിയാണ് . തൊഴിലാളി സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സംഘടനയായ സഹകരണ വേദിയാണ് നിലവില്‍ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ ചുമതല. 10 അംഗ ഭരണ സമിതിയുടെ പ്രസിഡന്റായി പി.ആര് കൃഷ്ണപ്രസാദും (കോട്ടയം) സെക്രട്ടറിയായി സി.ഡി സുരേഷും (തൃശൂര്‍) പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ 53 ഇന്ത്യന്‍ കോഫി ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലായിടത്തുമായി 2000ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മാനേജര്‍, സപ്ലെയര്‍, കുക്ക് തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും.
2004 മുതല്‍ സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണെന്നതിനാല് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും വിജയിക്കണമെന്നതാണ് സിഐടിയുവിന്റെ ലക്ഷ്യം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയെങ്കിലും കോടതി വിധിയിലൂടെ ഭരണസമിതി തിരിച്ചെത്തിയിരുന്നു. 2017 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും സഹകരണ വേദിക്കായിരുന്നു വിജയം. സഹകരണ വേദിയുടെ പാനലില്‍ മത്സരിച്ചവര്‍ക്കെല്ലാം 1000ലേറെ വോട്ടുകളാണ് ലഭിച്ചത്.
സിഐടിയുവിനെ പരാജയപ്പെടുത്തി സ്വതന്ത്ര സംഘടന ഭരണത്തിലേറിയത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി. നിലവിലെ ഭരണസമിതിയുടെ കാലാവധി അഞ്ച് മാസം കൂടിയേയുള്ളൂ. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കും. അടുത്ത തെരഞ്ഞെടുപ്പിലും സിഐടിയുവിന് വിജയിക്കാനാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഭരണം പിടിച്ചെടുക്കാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ അണിയറയില്‍ ശക്തമായ നീക്കം നടക്കുന്നത്. ഇതിന് സിപിഎമ്മിലെ ഉന്നത നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: