ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഉത്സവം ‘ഭാരത് ഡ്രോണ്‍ മഹോത്സവ് 2022’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 150 ഡ്രോണ്‍ പൈലറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു. ഡ്രോണ്‍ സാങ്കേതിക വിദ്യ പാവപ്പെട്ടവര്‍ അടക്കമുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധം, ദുരന്തനിവാരണം, കൃഷി, വിനോദസഞ്ചാരം, സിനിമ, വിനോദം തുടങ്ങിയ മേഖലകളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ വളരെ ഉപകാരമാകും. വരും ദിവസങ്ങളില്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ദ്ധിക്കും. റോഡുകള്‍, വൈദ്യുതി, ഒപ്റ്റിക്കല്‍ ഫൈബര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയുടെ വരവിന് ഗ്രാമങ്ങള്‍ സാക്ഷ്യം വഹിക്കുമ്പോഴും കൃഷിപ്പണികള്‍ പഴഞ്ചന്‍ രീതിയിലാണ്. ഇത് ഉത്പാദനക്ഷമത കുറയ്ക്കും. ഭൂരേഖകള്‍ മുതല്‍ വെള്ളപ്പൊക്കം, വരള്‍ച്ച, ദുരിതാശ്വാസം വരെയുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഇവയുടെ ഉപയോഗം ഗുണം ചെയ്യും.
കുറച്ച് മാസം മുമ്പ് വരെ ഡ്രോണുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മിക്ക നിയന്ത്രണങ്ങളും നീക്കി. ഇന്ത്യ ക്രമണേ ഡ്രോണ്‍ നിര്‍മാണ കേന്ദ്രമായിമാറുകയാണ്. അദ്ദേഹം പറഞ്ഞു. ദല്‍ഹി പ്രഗതി മൈതാനിയിലാണ് പരിപാടി. നിരവധി ഡ്രോണ്‍ ഉത്പാദകര്‍ തങ്ങളുടെ ഡ്രോണുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: