ലഖ്നൗ: ഇന്ത്യയിലെയും നേപ്പാളിലെയും രാമായണ തീര്‍ത്ഥസ്ഥാനങ്ങളെ ബന്ധിപ്പിച്ച് രാമായണ യാത്രയ്ക്ക് സൗകര്യമൊരുക്കി റെയില്‍വെ. തീര്ത്ഥസ്ഥാനങ്ങളിലേക്കുള്ള ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസിന് ജൂണ്‍ 21ന് ന്യൂദല്‍ഹിയില്‍ തുടക്കം. രാജ്യത്തെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയായ ‘ദേഖോ അപ്നാ ദേശി’ന്റെ ഭാഗമായാണിത്.
എണ്ണായിരം കിലോമീറ്ററിലായി 18 ദിവസം നീളുന്നതാണ് രാമായണ യാത്ര. ന്യൂദല്‍ഹിയില്‍ നിന്ന് ആരംഭിച്ച് 18-ാം നാള് ന്യൂദല്‍ഹിയില്‍ തന്നെ തിരിച്ചെത്തുമെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഐആര്‍സിടിസി പ്രതിനിധികള്‍ അറിയിച്ചു. അയോധ്യ, നേപ്പാളിലെ ജനക്പൂര്‍, സീതാ മര്‍ഹി, വാരാണസി, നാസിക്, രാമേശ്വരം എന്നീ തീര്ത്ഥകേന്ദ്രങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. അയോധ്യയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അവിടെ സഞ്ചാരികള്‍ക്ക് രാമജന്മഭൂമി ക്ഷേത്രം, ഹനുമാന് ക്ഷേത്രം, നന്ദിഗ്രാമിലെ ഭാരത് മന്ദിര്‍ എന്നിവ സന്ദര്‍ശിക്കാം.
പിന്നീട് ജയ്നഗര്‍ വഴി നേപ്പാളിലെ ജനക്പൂരിലെത്തും. രാമ-ജാനകി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സീതയുടെ ജന്മസ്ഥലമായ സീതാ മര്‍ഹിയിലേക്ക്. പിന്നീട് വാരാണസിയിലെത്തും. ഇവിടെ സീതയുടെ അന്തര്ധാന സ്ഥാനമായ സമഹിത് സ്ഥാന്, ശൃംഗവേര്‍പൂര്‍, ചിത്രക്കൂട്ട് എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗം സഞ്ചാരികള്‍ക്ക് ചുറ്റിക്കറങ്ങാം. വാരാണസിയില്‍ നിന്ന് നാസിക്കിലെ ത്രയംബകേശ്വര്‍, പഞ്ചവടി എന്നീ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കിഷ്കിന്ധയിലേക്കു പുറപ്പെടും. ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയാദ്രി മലകള്‍ മറ്റു പൈതൃക സ്ഥാനങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും അവസരമുണ്ട്.
രാമേശ്വരത്തേക്കാണ് അടുത്ത ഘട്ടത്തില്‍ യാത്ര. അവിടെ രാമനാഥസ്വാമി ക്ഷേത്രവും ധനുഷ്കോടിയും സന്ദര്‍ശിക്കും. കാഞ്ചീപുരമാണ് അടുത്ത ലക്ഷ്യം. ശിവ കാഞ്ചി, വിഷ്ണു കാഞ്ചി, കാമാക്ഷി കാഞ്ചി എന്നീ ആരാധനാലയങ്ങളിലേയ്ക്ക് സഞ്ചാരികളെ കൊണ്ടുപോകും. തെലങ്കാനയിലെ തെക്കന്‍ അയോധ്യ എന്നറിയപ്പെടുന്ന ഭദ്രാചലത്തിലാണ് യാത്ര അവസാനിക്കുക. പിന്നീട് ന്യൂദല്‍ഹിയില്‍ തിരിച്ചെത്തും.
ടൂര്‍ പാക്കേജുകളോടെ 62,370 രൂപയാണ് ടിക്കറ്റ് നിരക്ക്. 600 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ട്രെയിനില്‍ പതിനൊന്ന് എസി കമ്പാര്‍ട്ട്മെന്റുകളുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുള്ള ട്രെയിനില്‍ രണ്ട് അഡീഷണല്‍ കോച്ചുകളുമുണ്ട്. പാക്കേജില്‍ ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുമെന്ന് ഐആര്‍സിടിസി പ്രതിനിധികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: