കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ കുട്ടിയുടെ വീടിന് മുന്നില്‍ നിന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ടൈംസ് നൗ ചാനല്‍ സംഘത്തെ ഭീഷണിപ്പെടുത്തിയും ചോദ്യം ചെയ്തും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍.
മാധ്യമപ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന സംഭവം വലിയ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. പൊതുവേ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് പേര് കേട്ട കേരളത്തില്‍ ഇത്തരമൊരു സംഭവം മതമൗലികവാദികളുടെ പിടിയിലകപ്പെട്ട കേരളത്തിന്റെ നേര്‍ചിത്രമാണ് നല്‍കുന്നത്.
മാധ്യമപ്രവര്‍ത്തക സംഘത്തെ ഒരു സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ടൈംസ് നൗ പുറത്തുവിട്ടു. പിന്നീട് പൊലീസ് ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകരെ സുരക്ഷിതമായി അവിടെ നിന്നും കൊണ്ടുപോയത്.
പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാതെ വിഷമിക്കുകയാണ് പോലീസ്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് കുടുംബം ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
പരിപാടിയുടെ സംഘടനാചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.കൊലവിളി മുദ്രാവാക്യം വിളിക്കുന്ന കുട്ടിയ തോളിലേറ്റിയ ഈരാറ്റുപേട്ടയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് അന്‍സാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകര്‍ക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.
കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ട്. കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കുമായി ജില്ല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: