കോഴിക്കോട് : മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിന് ശേഷം കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്ട് ബസ് പുറത്തിറക്കി. തൂണുകള്‍ക്കിടയിലുണ്ടായിരുന്ന ഇരുമ്പുവളയങ്ങള്‍ പൊട്ടിച്ചാണ് കെഎസ്ആര്‍ടിസിയെ പുറത്തിറക്കിയത്. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിലുണ്ടായ അപാകതയാണ് പ്രധാന കാരണം.
ബെംഗളൂരുവില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ എത്തിയ ബസാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കുടുങ്ങിയത്. ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ നിര്‍ത്തിയിട്ടശേഷം ഡ്രൈവര്‍ ഡ്യൂട്ടി അവസാനിപ്പിച്ച് പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വാഹനം എടുക്കാന്‍ മറ്റൊരു ഡ്രൈവര്‍ എത്തിയപ്പോഴാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് തിരിച്ചറിയുന്നത്.
തുടര്‍ന്ന് ടയറിലെ കാറ്റ് പകുതിയോളം കളഞ്ഞശേഷം തള്ളി പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. കൂടാതെ പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും പുതിയ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാലോയെന്ന് ഭയന്ന് ഒന്നും ചെയ്തില്ല. പിന്നീട് രണ്ട് തൂണുകള്‍ക്കുമിടയിലെ ഇരുമ്പ് വളയങ്ങള്‍ മുറിച്ച് പുറത്തിറക്കുകായിരുന്നു.
വാഹനം പുറത്തിയപ്പോള്‍ വാഹനത്തിന് നിസാരമായ പരിക്കുകളുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്. പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും.
അതേസമയം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍മാണ അപാകതയുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പില്ലറുകള്‍ വളരെ അടുത്തടുത്താണ് നിര്‍മിച്ചിരിക്കുന്നതെന്നും ശാസ്ത്രീയ വശങ്ങള് പഠിക്കാതെയാണ് ടെര്‍മിനല്‍ നിര്‍മിച്ചതെന്നും ചെന്നൈ ഐഐടിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ബസിന്റെ വിസ്തൃതി പഠിക്കാതെയാണ് പില്ലറുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നാണ് പ്രധാന വിമര്‍ശനം. 72 കോടി മുതല്‍ മുടക്കിയാണ് കെഎസ്ആര്‍ടിസി പുതിയ ഷോപ്പിങ് കോംപ്ലക്സ് അടങ്ങുന്ന ബസ് ടെര്‍മിനല്‍ നിര്‍മിച്ചത്. ഇത് കൂടാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും അപകടങ്ങള്‍ക്ക് കാരണമായേന്ന അക്ഷേപവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: