കൊച്ചി : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും പണമെടുത്ത് സംസ്ഥാന സര്‍ക്കാരിന് സംഭാവന നല്കാന് ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. കോവിഡ്, പ്രളയ കാലത്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 10 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ജസ്റ്റിസ് അനു ശിവരാമന്, ഷേര്‍സി വി. എം.ആര്. അനിത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത് തെറ്റാണെന്ന് നേരത്തെ കോടതി ഉത്തരവിറക്കിയിരുന്നു. ഇത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കിയത് ഹൈക്കോടതി തള്ളി.
പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപ നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്.
ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്ട് പ്രകാരം ദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പന് ആണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുകള്‍ പരിപാലിക്കാലാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല.
ദേവസ്വം നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇക്കാര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വത്തിന് നിര്‍ദേശം നല്കാന് സര്‍ക്കാറിന് അധികാരമില്ലെന്നും ഡിവിഷന് ബെഞ്ച് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: