ചിക്കാഗോ: യുഎസിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ, ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ആദ്യ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ള (74) അന്തരിച്ചു. സംസ്കാരം ജൂണ്‍ ഒന്നിനു ഷിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍. ചൊവ്വാഴ്ച രണ്ട് മണി മുതല്‍ 9 മണി വരെ ഇല്ലിനോയി ഡിസ്പെയിന്സ ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം. മുക്കൂട്ടുതറ കണ്ണാത്ത് കുടുംബാംഗമാണ്.
റാന്നി മണ്ണാര്‍ത്തല കണ്ണോത്ത് പരേതരായ കെ.ഓ. മത്തായിയുടെയും ശോശാമ്മയുടെയും പുത്രിയാണ്. വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി. ഹൈസ്ക്കൂളില്‍ നിന്ന് പാസായ ശേഷം ബറോഡ എസ് .എസ് .ഇ. ഹോസ്പിറ്റലില്‍ 1968ല്‍ നഴ്സിംഗിന് ചേര്‍ന്നു.1970 ല്‍ റാന്നി വെച്ചൂച്ചിറ കുന്നം മാടവന വീട്ടില്‍ ചന്ദ്രന് പിള്ളയുമായി വിവാഹം. 1962 മുതല്‍ ചന്ദ്രന് പിള്ള ബറോഡയില്‍ മിലിട്ടറി സ്കൂളില്‍ ഉദ്യോഗസ്ഥനായിരുന്നു. 1976ല്‍ ഇരുവരും അമേരിക്കയിലെത്തി. ഉപരിപഠന ശേഷം പ്ലാസ നഴ്സിംഗ് ഹോമില്‍ അസി. ഡയറക്ടറായി. തുടര്‍ന്ന് ഗ്ലെന്‍ വ്യൂ നഴ്സിംഗ് ഹോമില്‍ ഡയറക്ടര്‍. 10 നഴ്സിംഗ് ഹോമുകളില്‍ കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ ഒട്ടേറെ പേര്‍ക്ക് ജോലി നല്‍കാനായി.ആദ്യകാലത്ത് മെക്കാനിക്കല്‍ രംഗത്ത് ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രന് പിള്ള പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ക്രിസ്റ്റല്‍ ഹെല്‍ത് കെയര്‍ എന്ന സ്ഥാപനം ആരംഭിച്ചു
അരനൂറ്റാണ്ടു മുന്‍പ് മലയാളികള്‍ക്ക് സഹായം എത്തിക്കാനായി രൂപീകരിച്ച പ്രാദേശിക മലയാളി അസോസിയേഷനിലൂടെയാണു പൊതുപ്രവര്‍ത്തന തുടക്കം. ഏറെ അറിയപ്പെടുന്ന സംഘടനാ, സാമൂഹിക, സന്നദ്ധപ്രവര്‍ത്തകയായ അവര്‍ ആദ്യമായി അമേരിക്കയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ആര്.എന്‍, എല്‍.പി.എന്‍., സി.എന്‍. എ, അക്കൗണ്ടന്‍സി തുടങ്ങിയ പ്രാഥമിക കോഴ്സുകള്‍ നേരിട്ട് നല്കിയയാണ് തൊഴില്‍ നേടിക്കൊടുത്തത്.
നാലു പതിറ്റാണ്ടുകളില്‍ അധികം നിശബ്ദമായി ഒട്ടേറെപ്പേര്‍ക്ക് ഉപകാരിയായി നിന്ന മലയാളി വനിതകള്‍ വേറേ ഉണ്ടാകില്ല. എഴുപത്തൊന്നാമത്തെ വയസിലും കര്‍മ്മരംഗത്തു സജീവമായി നിന്നുകൊണ്ട് ദേശമോ ഭാഷയോ നോക്കാതെ ബുദ്ധിമുട്ടനുഭവപ്പെടുന്നനേഴ്സ് മാരെ കണ്ടെത്തി. ഫൊക്കാന കമ്മിറ്റി അംഗം, ട്രഷറര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി, വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. മക്കള്‍: രാജ് പിള്ള, റോഷ്നി പിള്ള, മരുമക്കള്‍: മലീസ രാജേഷ്, ഭായി.
എല്ലാറ്റിലും ഭിന്നാപ്രായങ്ങളുള്ള മലയാളി സമൂഹം മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരേ സ്വരത്തില്‍ മുന്നോട്ടു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: