തിരുവനന്തപുരം: രാഷ്ട്രപതി റാം നാഥ് കോവിന്ദ് കേരളത്തില്‍. ഇന്ന് രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദേഹം എത്തിയത്.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം നാളെ രാവിലെ 11.30ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് നമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
വനിതാ മന്ത്രിമാര്‍, വനിതാ സ്പീക്കര്‍മാര്‍, വനിതാ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള വനിതാ അംഗങ്ങള്‍, സംസ്ഥാന നിയമസഭകളിലെയും ലെജിസ്ലേറ്റിവ് കൗണ്‍സിലുകളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വനിതാ സാമാജികര്‍ തുടങ്ങി 120 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 27നു നടക്കുന്ന സമാപന സമ്മേളനം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: